ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണായുള്ള കലണ്ടർ തീരുമാനിച്ചു. കോവിഡ് ഭീതി കുറഞ്ഞതിനാൽ തന്നെ ഫുട്ബോൾ സീസൺ തീർത്തും പഴയതു പോലെയായിരിക്കും. ബയോ ബബിളുകൾ ഉണ്ടാകില്ല. ഡ്യൂറണ്ട് കപ്പും ഐ എസ് എല്ലും സൂപ്പർ കപ്പും അടുത്ത സീസണിൽ നടക്കും. ഓഗസ്റ്റിൽ ഡ്യൂറണ്ട് കപ്പുമായാകും ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കുക.
ഓഗസ്റ്റ് 13 മുതൽ ഡ്യൂറണ്ട് കപ്പ് ആരംഭിക്കും. 20 ടീമുകൾ പങ്കെടുക്കും. 11 ഐ എസ് എൽ ടീമുകളും ഇത്തവണ ഡ്യൂറണ്ട് കപ്പിൽ ഉണ്ടാകും. ഐ എസ് എൽ ഒക്ടോബർ 6ന് ആരംഭിക്കും. മാർച്ച് അവസാനം വരെ സീസൺ നീണ്ടു നിക്കും. ഏപ്രിലിൽ ആകും സൂപ്പർകപ്പ് നടക്കുക. സൂപ്പർ കപ്പിലും 20 ടീമുകൾ ഉണ്ടാകും.
സൂപ്പർ കപ്പിലും ഡ്യൂറണ്ട് കപ്പിലും ടീമുകൾ ചുരുങ്ങിയത് നാലു കളികൾ കളിക്കും. ഐ എസ് എല്ലിൽ 20 കളികളും. ഇതോടെ എ എഫ് സിയുടെ 27 മത്സരങ്ങൾ എന്ന വ്യവസ്ഥ പൂർത്തീകരിക്കാൻ ക്ലബുകൾക്ക് ആകും.