ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ന്യൂസിലാൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ. മധ്യ ഓവറുകളിൽ വളരെ കണിശമായി പന്തെറിഞ്ഞ ഇന്ത്യ ന്യൂസിലാൻഡിനെ 132 റൺസിൽ ഒതുക്കുകയായിരുന്നു. വളരെ കണിശതയോടെ പന്തെറിഞ്ഞ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ജഡേജയുമാണ് ന്യൂസിലാൻഡിനെ സമർത്ഥമായി പ്രതിരോധിച്ചത്.
മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളിൽ ഇന്ത്യയുടെ ബൗളിങ്ങിന് മുൻപിൽ ന്യൂസിലാൻഡിന് അടിപതറുകയായിരുന്നു. ന്യൂസിലാൻഡ് മധ്യ നിരയെ മനോഹരമായി പ്രതിരോധിക്കാൻ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജക്കായി. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും ഗ്രാൻഡ്ഹോമിന്റെയും വിക്കറ്റും ജഡേജ വീഴ്ത്തുകയും ചെയ്തു. 4 ഓവർ എറിഞ്ഞ ജഡേജ വെറും 18 റൺസ് വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്ത്തിയത്.
മുഹമ്മദ് ഷമി 4 ഓവറിൽ 22 റൺസും ജസ്പ്രീത് ബുംറ 4 ഓവറിൽ 21 റൺസും മാത്രമാണ് വിട്ടുകൊടുത്തത്. ന്യൂസിലാൻഡ് നിരയിൽ 20 പന്തിൽ 33 റൺസ് എടുത്ത മാർട്ടിൻ ഗുപ്റ്റിൽ ന്യൂസിലാൻഡിനു മികച്ച തുടക്കം നൽകി. കോളിൻ മൺറോ 25 പന്തിൽ 26 റൺസ് എടുത്ത് പുറത്തതായപ്പോൾ സെയ്ഫെർട്ട് 33 റൺസ് എടുത്ത് പുറത്താവാതെ നിന്നു.













