ആവേശകരമായ മത്സരത്തിൽ ജര്‍മ്മനിയ്ക്കെതിരെ 5-4ന്റെ വിജയം പിടിച്ചെടുത്ത് മോസ്കോ ഒളിമ്പിക്സിന് ശേഷം 41 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഹോക്കിയിൽ ഒരു മെഡൽ നേടി ഇന്ത്യന്‍ പുരുഷ ടീം. ഇന്ന് നടന്ന അത്യന്തം ആവേശകരമായ ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ഇന്ത്യ 1-3ന് പിന്നിൽ നിന്ന ശേഷമാണ് ശക്തമായ തിരിച്ചുവരവിലൂടെ മെഡൽ സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് സെക്കന്‍ഡ് ബാക്കി നില്‍ക്കെ ജര്‍മ്മനിയ്ക്ക് ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ രക്ഷിച്ച ശ്രീജേഷിന്റെ മാസ്മരിക സേവാണ് ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്തത്.
1-3ന് പിന്നിൽ നിന്ന് ശേഷം ഇന്ത്യ 5-3ന് ലീഡ് നേടിയെങ്കിലും അവസാന ക്വാര്‍ട്ടറിൽ ഒരു ഗോള്‍ മടക്കി ജര്‍മ്മനി സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഇന്ത്യ തങ്ങളുടെ ചരിത്ര നിമിഷം കുറിയ്ക്കുകയായിരുന്നു.
മത്സരം തുടങ്ങി ആദ്യ മിനുട്ടുകളിൽ തന്നെ ജര്‍മ്മനി മുന്നിലെത്തുന്നതാണ് കണ്ടത്. ടിമുര്‍ ഓറുസ് ആണ് ജര്‍മ്മനിയെ മുന്നിലെത്തിച്ചത്. ആദ്യ ക്വാര്‍ട്ടറിലെ ഹൂട്ടറിന് ശേഷം ജര്‍മ്മനി നാല് പെനാള്‍ട്ടി കോര്‍ണറുകളെ അതിജീവിച്ച് ഇന്ത്യ ആദ്യ ക്വാര്‍ട്ടറിൽ 0-1ന് പിന്നിൽ പോയി.
രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തിൽ തന്നെ സിമ്രന്‍ജിത്ത് സിംഗിലൂടെ ഇന്ത്യ മികച്ചൊരു ഫീൽഡ് ഗോള്‍ നേടുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറിൽ വീണ്ടും ജര്‍മ്മനി മുന്നിലെത്തുന്നതാണ് കണ്ടത്. 3-1ന്റെ ലീഡ് നേടുവാന്‍ ജര്‍മ്മനി സാധിച്ചപ്പോള്‍ ഇന്ത്യ മത്സരം കൈവിടുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മൂന്നാം ക്വാര്‍ട്ടറിൽ തന്നെ രണ്ട് ഗോള്‍ മടക്കി ഇന്ത്യ ഇടവേള സമയത്ത് അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ജര്‍മ്മനിയ്ക്ക് വേണ്ടി 24ാം മിനുട്ടിൽ നിക്ലാസ് വെല്ലെനും 25ാം മിനുട്ടിൽ ബെനഡിക്ട് ഫുര്‍ക്കും ജര്‍മ്മനിയെ മുന്നിലെത്തിച്ചപ്പോള്‍ 27, 29 മിനുട്ടുകളിൽ ഹാര്‍ദ്ദിക് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍. മൂന്നാം ക്വാര്‍ട്ടറിൽ മത്സരത്തിൽ ആദ്യമായി ഇന്ത്യ മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത്. പെനാള്‍ട്ടി സ്ട്രോക്ക് ഗോളാക്കി മാറ്റി രൂപീന്ദര്‍ പാൽ സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. അധികം വൈകാതെ സിമ്രന്‍ജിത്ത് സിംഗ് ഇന്ത്യയെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി മുന്നിലെത്തിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയിലെ 31, 34 മിനുട്ടുകളിലാണ് ഇന്ത്യയുടെ ലീഡ് നേടിയ ഗോളുകള്‍ പിറന്നത്. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 5-3ന് മുന്നിലായിരുന്നു. അവസാന ക്വാര്‍ട്ടറിൽ പെനാള്‍ട്ടി കോര്‍ണറിലൂടെ ഗോള്‍ മടക്കി ഇന്ത്യയുടെ ലീഡ് കുറയ്ക്കുവാന്‍ ജര്‍മ്മനിയ്ക്ക് സാധിച്ചു. ലൂക്കാസ് വിന്‍ഡ്ഫെഡര്‍ ആയിരുന്നു ഗോള്‍ സ്കോറര്‍.
6 സെക്കന്‍ഡ് മാത്രം ഉള്ളപ്പോള്‍ ഒരു പെനാള്‍ട്ടി കോര്‍ണര്‍ സ്വന്തമാക്കി ജര്‍മ്മനി ഇന്ത്യന്‍ ഗോള്‍ മുഖത്ത് ഭീഷണിയായെങ്കിലും തന്റെ കരിയറിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ സേവുമായി ശ്രീജേഷ് ഇന്ത്യയുടെ കോട്ട കാക്കുകയായിരുന്നു.