ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന്റെ ആവേശം മുഴുവന്‍ വന്ന മത്സരത്തിൽ 5 വിക്കറ്റ് വിജയവുമായി ഇന്ത്യ. 2 പന്ത് അവശേഷിക്കെ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്സര്‍ ആണ്. ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്.
കെഎൽ രാഹുലിനെ ആദ്യ ഓവറിൽ പുറത്താക്കി നസീം ഷാ തന്റെ അരങ്ങേറ്റ ടി20 വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് 49 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.
50/1 എന്ന നിലയിൽ നിന്ന് 53/3 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ മുഹമ്മദ് നവാസ് ആണ് ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത്. രോഹിത് 12 റൺസ് നേടി പുറത്തായപ്പോള്‍ കോഹ്‍ലിയും അധികം വൈകാതെ പവലിയനിലേക്ക് മടങ്ങി.
വിരാട് കോഹ്‍ലി 35 റൺസ് നേടി പുറത്തായപ്പോള്‍ പത്തോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസായിരുന്നു ഇന്ത്യ നേടിയത്. സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 36 റൺസ് നേടിയെങ്കിലും നസീം ഷാ മടങ്ങിയെത്തി 18 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി.
അവസാന അഞ്ചോവറിൽ ഇന്ത്യ 51 റൺസായിരുന്നു നേടേണ്ടിയിരുന്നത്. അവിടെ നിന്ന് ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും കൂടി മത്സരം 18 പന്തിൽ 32 റൺസാക്കി മാറ്റി. നസീം ഷാ എറിഞ്ഞ തന്റെ നാലാം ഓവറിൽ ഒരു സിക്സ് അടക്കം 11 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം 12 പന്തിൽ 21 റൺസായി മാറി.
ഹാരിസ് റൗഫ് എറിഞ്ഞ 19ാം ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ 3 ഫോര്‍ അടിച്ചപ്പോള്‍ ഓവറിൽ നിന്ന് 14 റൺസാണ് പിറന്നത്. ഇതോടെ അവസാന ഓവറിൽ 7 റൺസ് മാത്രമായി ഇന്ത്യയുടെ വിജയ ലക്ഷ്യം. മുഹമ്മദ് നവാസ് അവസാന ഓവറിലെ ആദ്യ പന്തിൽ രവീന്ദ്ര ജഡേജയെ പുറത്താക്കിയപ്പോള്‍ മത്സരം വീണ്ടും മാറി മറിയുമെന്ന നിലയിലേക്കായി. 35 റൺസാണ് ജഡേജ നേടിയത്. 29 പന്തിൽ നിന്ന് 52 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.
17 പന്തിൽ 33 റൺസുമായി ഹാര്‍ദ്ദിക് പുറത്താകാതെ നിന്ന് ഇന്ത്യന്‍ വിജയം ഒരുക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി നവാസ് മൂന്നും നസീം ഷാ 2 വിക്കറ്റും നേടി.