ശ്രീലങ്കയ്ക്കെതിരെ ഗോള്‍ വര്‍ഷം തീര്‍ത്ത് ഇന്ത്യ, നേടിയത് 20 ഗോളുകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

26 ഗോളുകളെന്ന റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും ശ്രീലങ്കയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് പുരുഷ ഹോക്കി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ 20 ഗോളുകള്‍ക്കാണ് അയല്‍ രാജ്യക്കാരെ തകര്‍ത്തത്. പകുതി സമയത്ത് ഇന്ത്യ 7-0നു ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ 13 ഗോളുകള്‍ നേടി.

മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ രൂപീന്ദര്‍ ഇന്ത്യയുെ മുന്നിലെത്തിച്ചു. അഞ്ചാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് ഇന്ത്യയുടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തിയപ്പോള്‍ ആകാശ്ദീപ് 4 ഗോളുകളാണ് നേടിയത്. ഹര്‍മ്മന്‍പ്രീത് 21ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോള്‍ നേടി ആദ്യ പകുതിയിലെ പട്ടിക പൂര്‍ത്തിയാക്കി. ആകാശ് ദീപ് 9, 11, 17, 22 മിനുട്ടുകളിലാണ് ഗോളുകള്‍ നേടിയത്.

31ാം മിനുട്ടില്‍ വിവേക് സാഗര്‍ പ്രസാദ് ഇന്ത്യയുടെ രണ്ടാം പകുതിയലെ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചു. മത്സരത്തിലെ തന്റെ അഞ്ചാം ഗോള്‍ ആകാശ്ദീപ് നേടിയത് തൊട്ടടുത്ത മിനുട്ടിലാണ്. 33ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് തന്റെ ഹാട്രിക്ക് നേടി ഇന്ത്യയുടെ ഗോള്‍ വേട്ട രണ്ടക്കമായി ഉയര്‍ത്തി. 35ാം മിനുട്ടില്‍ മന്‍ദീപ് സിംഗിന്റെ വകയായിരുന്നു ഗോള്‍. അമിത് രോഹിദാസ്, ആകാശ്ദീപ്, മന്‍ദീപ് സിംഗ് എന്നിവര്‍ കൂടി ഗോളുകള്‍ നേടിയപ്പോള്‍ മൂന്നാം ക്വാര്‍ട്ടറില്‍ മാത്രം ഇന്ത്യ ഏഴ് ഗോളുകള്‍ നേടി.

അവസാന ക്വാര്‍ട്ടറില്‍ ഏഴ് മിനുട്ടുകളോളം ഇന്ത്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും 52ാം മിനുട്ടില്‍ രൂപീന്ദര്‍ ഇന്ത്യയുടെ 15ാം ഗോള്‍ സ്വന്തമാക്കി. തൊട്ടടുത്ത മിനുട്ടില്‍ രൂപീന്ദര്‍ തന്നെ ഇന്ത്യയുടെ അടുത്ത ഗോളും നേടി. ദില്‍പ്രീത്, ലളിത്(2) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം 59ാം മിനുട്ടില്‍ മന്‍ദീപ് സിംഗും ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ ഇന്ത്യയുടെ ഗോള്‍ നേട്ടം 20 ആയി ഉയര്‍ന്നു.