സിക്കന്ദര്‍ റാസയുടെ പോരാട്ട വീര്യത്തെ മറികടന്ന് ഇന്ത്യയ്ക്ക് 13 റൺസ് വിജയം

Sports Correspondent

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ പൊരുതിയെങ്കിലും വിജയം നേടാനാകാതെ സിംബാബ്‍വേ. സിക്കന്ദര്‍ റാസയുടെ പോരാട്ട വീര്യത്തെ മറികടന്ന് പരമ്പര ഇന്ത്യ വൈറ്റ്‍വാഷ് ചെയ്യുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മന്‍ ഗിൽ നേടിയ 130 റൺസിന്റെ ബലത്തിൽ 289/8 എന്ന സ്കോര്‍ നേടുകയായിരുന്നു.

സിക്കന്ദര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യന്‍ ക്യാമ്പുകളിൽ ഭീതി പടര്‍ത്തിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. ഷോൺ വില്യംസ് 45 റൺസും ബ്രാഡ് ഇവാന്‍സ് 28 റൺസും നേടിയപ്പോള്‍ റാസ 9ാം വിക്കറ്റായി 115 റൺസ് നേടിയ ശേഷമാണ് വീണത്.

ഇന്ത്യയ്ക്കായി അവേശ് ഖാന്‍ 3 വിക്കറ്റും ദീപക് ചഹാര്‍ , അക്സര്‍ പട്ടേൽ, കുൽദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.