ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചത് ക്ഷണനേരം കൊണ്ട്, മൂന്ന് റൺസ് നേടുന്നതിനിടെ നഷ്ടമായ മൂന്ന് വിക്കറ്റുകള്‍, കോമൺവെൽത്ത് സ്വര്‍ണ്ണം നേടി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ നേടിയ 9 റൺസിന്റെ വിജയത്തോടെ കോമൺവെൽത്ത് ഗെയിംസിലെ വനിത ക്രിക്കറ്റിന്റെ ആദ്യ സ്വര്‍ണ്ണം നേടി ഓസ്ട്രേലിയ. 162 റൺസ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 118/2 എന്ന നിലയിൽ വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും അവിടെ നിന്ന് കളി മാറി മറിയുന്ന കാഴ്ചയാണ് കണ്ടത്.

ഓപ്പണര്‍മാരെ വേഗത്തിൽ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

96 റൺസ് നേടി ഹര്‍മ്മന്‍പ്രീത് കൗര്‍ – ജെമീമ കൂട്ടുകെട്ടിനെ മെഗാന്‍ ഷൂട്ട് ആണ് തകര്‍ത്തത്. 33 റൺസ് നേടിയ ജെമീമ പുറത്താകുമ്പോള്‍ ഇന്ത്യ 33 പന്തിൽ 44 റൺസായിരുന്നു നേടേണ്ടയിരുന്നത്.

Indiaauswomen118/2 എന്ന നിലയിൽ നിന്ന് ഹര്‍മ്മന്‍പ്രീത് കൗറിന്റെ വിക്കറ്റ് കൂടി നഷ്ടമായപ്പോള്‍ ഇന്ത്യ 121/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പൂജ വസ്ട്രാക്കറിനെയും ഹര്‍മ്മന്‍പ്രീതിനെയും അഷ്‍ലൈ ഗാര്‍ഡ്നര്‍ ഒരേ ഓവറിൽ പുറത്താക്കിയാണ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകിയത്. 43 പന്തിൽ 65 റൺസായിരുന്നു കൗര്‍ നേടിയത്.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 28 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. 18ാം ഓവറിൽ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 11 റൺസ് പിറന്നുവെങ്കിലും സ്നേഹ് റാണ റണ്ണൗട്ട് ആയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന രണ്ടോവറിൽ 17 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

അടുത്ത ഓവരിലെ ആദ്യ പന്തിൽ രാധ യാദവ് റണ്ണൗട്ടായപ്പോള്‍ രണ്ടാം പന്തിൽ ദീപ്തി ശര്‍മ്മ ബൗണ്ടറി നേടി. എന്നാൽ തൊട്ടടുത്ത പന്തിൽ താരം പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 13 റൺസായിരുന്നു ദീപ്തി നേടിയത്.

അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ഓവറിൽ നിന്ന് ഒരു റൺസാണ് നേടാനായത്. 19.3 ഓവറിൽ ഇന്ത്യ 152 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ കോമൺവെൽത്ത് സ്വര്‍ണ്ണം ഓസ്ട്രേലിയ സ്വന്തമാക്കി.