നാഗ്പൂരില്‍ ഇന്നത്തെ ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റണ്‍സ് നേടി. വിരാട് കോഹ്‍ലി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ താരം 116 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സ് നേടി ഓള്‍ഔട്ട് ആയി. കോഹ്‍ലി തന്റെ 40ാം ശതകം നേടിയ മത്സരത്തില്‍ വിജയ് ശങ്കര്‍ ഒഴികെ മറ്റാര്‍ക്കും വലിയ സ്കോര്‍ നേടാനാകാതെ പോയതും ഇന്ത്യയുടെ വലിയ സ്കോറെന്ന മോഹത്തിനു തിരിച്ചടിയായി. കോഹ്‍ലിയ്ക്ക് പിന്തുണയായി വിജയ് ശങ്കര്‍ 46 റണ്‍സുമായി തിളങ്ങിയെങ്കിലും താരം റണ്ണൗട്ടായി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.
ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ പൂജ്യത്തിനു നഷ്ടമായ ശേഷം ശിഖര്‍ ധവാനും വേഗം മടങ്ങിയപ്പോള്‍ പ്രതിരോധത്തിലായ ഇന്ത്യയെ കോഹ്‍ലി-വിജയ് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 37 റണ്‍സ് നേടിയ കൂട്ടുകെട്ടിനു അന്ത്യമായത് അപ്രതീക്ഷിതമായ റണ്ണൗട്ടായിരുന്നു. കോഹ്‍ലി ആഡം സംപയെ ഡ്രൈവ് ചെയ്ത പന്ത് ബൗളറുടെ കൈയ്യില്‍ തട്ടി ബൗളിംഗ് എന്‍ഡിലെ വിക്കറ്റില്‍ പതിയ്ക്കുമ്പോള്‍ ശങ്കറിന്റെ ബാറ്റ് ക്രീസിനു പുറത്തായിരുന്നു.
പിന്നീട് അമ്പാട്ടി റായിഡുവിനും(18) കേധാര്‍ ജാഥവിനും(11) അധികം ക്രീസില്‍ നില്‍ക്കാനാകാതെ പോയപ്പോള്‍ ധോണി ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. 67 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടി കോഹ്‍ലി-ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ 250നു അടുത്തേക്ക് എത്തിക്കുന്നത്. ജഡേജയെയും(21) കോഹ്‍ലിയെയും പുറത്താക്കിയത് പാറ്റ് കമ്മിന്‍സ് ആയിരുന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി കമ്മിന്‍സ് നാലും ആഡം സംപ രണ്ടും വിക്കറ്റ് നേടി തിളങ്ങി. ഗ്ലെന്‍ മാക്സ്വെല്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സന്ദര്‍ശകര്‍ക്കായി നേടി.