അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ഓസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് റൈവൽറി പോലെയോ അതിനു മേലെയോ നിൽക്കുന്ന തരത്തിൽ ആകാംക്ഷ തരുന്നവ. രണ്ട് രാജ്യങ്ങൾ തമ്മിൽ രാഷ്ട്രീയ സമവായത്വം ഇല്ലാത്തത് നിമിത്തം മത്സരങ്ങളുടെ ആധിക്യം നന്നേ കുറഞ്ഞത്, ഇപ്പോൾ നടക്കുന്ന മത്സരങ്ങൾക്ക് കൂടുതൽ മാനം നൽകുന്നു. അങ്ങനെ ഒരു മത്സരത്തിലേക്കാണ് ഇന്ന് ക്രിക്കറ്റ് ലോകം കണ്ണ് നട്ടിരിക്കുന്നത്. ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത് ഏഷ്യ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ ഭാഗമായിട്ടാണ്. ഒരുപക്ഷെ ഇതിനു പുറമെ രണ്ട് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ കൂടെ വരാനുള്ള സാധ്യത ഏഷ്യ കപ്പിന്റെ ഈ ഫോർമാറ്റ് മുന്നോട്ട് വെക്കുന്നു.
രണ്ട് രാജ്യക്കാരും തിങ്ങി വസിക്കുന്ന അറബ് എമിരേറ്റ്സിലെ ദുബായിയിൽ തീപ്പൊരി പാറുന്ന ഈ മത്സരം നടക്കുക ഇന്ന് 5 മണി മുതലാണ്. ഹോങ്കോങിനെതിരെ നേടിയ വൻ വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ പാകിസ്ഥാൻ വരുമ്പോൾ ഇന്ത്യൻ ടീമിന് കാര്യങ്ങൾ സുഗമമല്ല. വല്ല വിധേനെയും ഹോങ്കോങിനെതിരെ കടന്നുകൂടി എന്നേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പറയാൻ കഴിയൂ. ഇന്ന് നടക്കുന്നത് പോലൊരു ഹൈ പ്രൊഫൈൽ മത്സരത്തിന് തൊട്ട് തലേ ദിവസം ദുബായ് ചൂടിൽ 100 ഓവറുകളും കളിക്കേണ്ട വന്നതിൻ്റെ ക്ഷീണം ഇന്ത്യയ്ക്ക് ഉണ്ടാവാം.
പാകിസ്ഥാൻ എപ്പോഴത്തെയും പോലെ തങ്ങളുടെ ബൗളിംഗ് മികവിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ആകട്ടെ കോഹ്ലി ഇല്ലാത്തതിനാൽ ബാറ്റിങ്ങിൽ ഇത്തിരി ക്ഷീണത്തിലുമാണ്. ഇന്നലെ ഹോങ്കോങിനോട് കളിച്ച ടീമിലേക്ക് KL രാഹുലും ഹർദിക് പാണ്ഡ്യയും, ബുമ്രയും തിരിച്ചെത്തിയേക്കും. ഏകദിനത്തിൽ ഫോമില്ലാതെ വലയുന്ന ഭുവനേർശ്വറിന് പക്ഷെ ഇന്നും അവസരം ലഭിച്ചേക്കും. ഖലീൽ അഹമ്മദും സ്ഥാനം നിലനിർത്തും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. ശർദൂൽ താക്കൂർ, ദിനേശ് കാർത്തിക്ക്, കേദാർ ജാദവ് എന്നിവരാകും പുറത്ത് പോവുക. കേദാർ ഇന്നലെ ബൗളിങ്ങിൽ ഉപകാരപ്പെട്ടത് നോക്കി നിലനിർത്തിയാൽ പകരം പുറത്ത് പോവുക ഖലീൽ ആവും. സ്റ്റാർക്കിൻ്റെ ബൗളിംഗ് ആക്ഷൻ ഓർമിപ്പിക്കുന്ന ഖലീൽ പക്ഷെ ബൗളിങ്ങിന് പുതുമ നൽകും എന്നതിനാൽ എന്താകും രോഹിത്തിൻ്റെ അന്തിമ തീരുമാനം എന്നത് ശ്രദ്ധേയമാണ്.
ഫാഖാർ സമാൻ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിൽ നിന്ന് 3 ശതകങ്ങളും ഒരു അർധശതകവും നേടിയിട്ടുണ്ട്. ബാബർ അസം, ഷൊഹൈബ് മാലിക്, ഇമാം ഉൽ ഹഖ്, ആസിഫ് അലി, സർഫറാസ് അഹമ്മദ് എന്നിവരും ചേരുന്ന ബാറ്റിംഗ് യൂണിറ്റ് തരക്കേടില്ലാത്തതാണ്. പക്ഷെ ബൗളിംഗ് തന്നെയാണ് ഇപ്പോഴും അവരുടെ ശക്തി. മുഹമ്മദ് ആമിർ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല എങ്കിലും, പകരം വന്നേക്കാവുന്ന ജുനൈദ് ഖാനും ഒരിക്കലും മോശമാവില്ല. ഹസൻ അലി, ഫഹീം അഷ്‌റഫ്, ഉസ്മാൻ ഖാൻ, ശദാബ് ഖാൻ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ഒരു ബൗളിംഗ് ലൈനപ്പ് ഏത് ടീമിനെയും വിറപ്പിക്കാൻ ഉതകുന്നതാണ്.
എന്തിലൊക്കെ ഏത് ടീം ശക്തി പുലർത്തുന്നു എന്ന് പറഞ്ഞാലും, ഇന്ത്യയോട്/പാകിസ്ഥാനോട് കളിക്കുമ്പോൾ ഉള്ള പിരിമുറുക്കം അതിജീവിക്കാൻ കഴിഞ്ഞാലേ ജയം നേടാൻ ആർക്കായാലും കഴിയൂ. ഏതാനും നിമിഷങ്ങൾ മാത്രമായി കാത്തിരിപ്പ് ചുരുങ്ങുമ്പോൾ മികച്ചൊരു മത്സരം കാണാം എന്ന് തന്നെയാണ് പ്രതീക്ഷ.