ഇന്നലെ ദക്ഷിണാഫ്രിക്ക പാകിസ്താനോട് പരാജയപ്പെട്ടതോടെ ഇന്ത്യ അടങ്ങിയ ഗ്രൂപ്പിൽ നിന്ന് ആരു സെമിയിൽ എത്തും എന്ന് അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കണം എന്ന അവസ്ഥയിൽ ആണ്.
ഇന്ത്യ ഇപ്പോൾ നാല് കളികളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ സിംബാബ്‌വെയെ തോൽപ്പിച്ചാൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സെമിയിൽ ഇന്ത്യക്ക് ഉറപ്പിക്കാം.
പാകിസ്ഥാനെതിരായ പരാജയത്തോടെ സെമി ഉറപ്പിക്കാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്ക നഷ്ടമാക്കിയത്. ഇനി സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ അവർക്ക് നെതർലാൻഡിനെതിരായ അവസാന മത്സരം ജയിക്കേണ്ടതുണ്ട്. നെതർലൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയാണെങ്കിൽ പാകിസ്ഥാനോ ബംഗ്ലാദേശിനോ ഉള്ള സാധ്യത സജീവമാകും.
പാക്കിസ്ഥാൻ സെമി ഫൈനലിലെത്താനുള്ള സാധ്യത ഇപ്പോൾ മറ്റ് ഫലങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ദക്ഷിണാഫ്രിക്കയോ ഇന്ത്യയോ പരാജയപ്പെട്ടാലെ അവരുടെ സാധ്യതകൾക്ക് ജീവൻ വെക്കുകയുള്ളൂ. അതിനൊപ്പം അവർ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും വേണം.
നെതർലൻഡ്‌സോ സിംബാബ്‌വെയോ ജയിച്ചാൽ ബാബർ അസമിന്റെ ടീമിന് അവസരം തെളിയും. നെതർലൻഡ്‌സിന് ദക്ഷിണാഫ്രിക്കയ്ർ തോൽപ്പിക്കാൻ കഴിഞ്ഞാൽ, ബംഗ്ലാദേശിനെതിരെ ജയിച്ചാൽ പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ മറികടന്ന് ആറ് പോയിന്റിലേക്ക് എത്തും, ബവുമയുടെ ടീമിന് ഇപ്പോൾ അഞ്ച് പോയിന്റ് ആണ് ഉള്ളത്.
സിംബാബ്‌വെ ഇന്ത്യയെ തോൽപിക്കുകയും പാകിസ്താൻ ജയിക്കുകയും ചെയ്താൽ ഇന്ത്യയ്‌ക്കൊപ്പം പോയിന്റ് നിലയിൽ എത്താൻ പാക്കിസ്ഥാന് ആകും. നെറ്റ് റൺ റേറ്റ് ഇന്ത്യേക്കാൾ നല്ലത് ആയതിനാൽ അപ്പോൾ പാകിസ്താന് ആകും മുൻ തൂക്കം.