ആദ്യ പിന്നിൽ, അവസാന ക്വാര്‍ട്ടറിൽ ലീഡ്, അവസാന നിമിഷം സമനില, ആവേശമായി ഇന്ത്യ മലേഷ്യ മത്സരം

ഏഷ്യ കപ്പിൽ ഇന്നത്തെ മത്സരത്തിൽ ആവേശ പോരാട്ടത്തിനൊടുവിൽ സമനില വഴങ്ങി ഇന്ത്യ. മത്സരത്തിൽ തുടക്കത്തിൽ തന്നെ പിന്നിൽ പോയ ഇന്ത്യ മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ടുള്ളപ്പോള്‍ ലീഡിലേക്ക് എത്തിയെങ്കിലും മലേഷ്യയുടെ റാസി റഹിമിന്റെ ഹാട്രിക്ക് ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ തട്ടിയെടുത്തു. നിശ്ചിത സമയം അവസാനിക്കുമ്പോള്‍ ഇന്ത്യയും മലേഷ്യയും മൂന്ന് ഗോള്‍ നേടി സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ ബഹുഭൂരിപക്ഷം സമയവും മലേഷ്യയായിരുന്നു മുന്നിലെങ്കിലും അവസാന ക്വാര്‍ട്ടറിൽ നേടിയ ഗോളുകള്‍ ഇന്ത്യയ്ക്ക് തുണയായി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മലേഷ്യ 2-0ന് മുന്നിലായിരുന്നു. റാസി റഹിം നേടിയ രണ്ട് ഗോളുകളാണ് ആദ്യ പകുതിയിൽ മലേഷ്യയെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിൽ വിഷ്ണുകാന്ത് സിംഗ് ഇന്ത്യയ്ക്കായി ഗോള്‍ മടക്കിയപ്പോള്‍ അവസാന ക്വാര്‍ട്ടറിൽ ഇന്ത്യ രണ്ട് ഗോളുകള്‍ നേടി മത്സരത്തിൽ മുന്നിലെത്തി. സുനിൽ വിടലാചാര്യയും സഞ്ജീപ് നിലം എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

എന്നാൽ ഇന്ത്യ ലീഡ് നേടി അടുത്ത മിനുട്ടിൽ തന്നെ റാസി റഹിം മലേഷ്യയ്ക്കായി ഹാട്രിക്കും സമനില ഗോളും നേടി.