രണ്ട് സമനിലകള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് തോൽവി, ഏഴ് ഗോള്‍ പിറന്ന മത്സരത്തിൽ ന്യൂസിലാണ്ടിനോട് പരാജയം

Indiawomenhockey

വനിത ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് നിരാശാജനകമായ റിസള്‍ട്ട്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോടും ചൈനയോടും സമനില വഴങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലാണ്ടിനോട് തോൽവിയായിരുന്നു ഫലം.

3-4 എന്ന സ്കോറിന് അത്യന്തം ആവേശകരമായ മത്സരത്തിനൊടുവിലായിരുന്നു ഇന്ത്യയുടെ പരാജയം. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ വന്ദന കടാരിയ ഇന്ത്യയ്ക്ക് ലീഡ് നൽകിയെങ്കിലും ഒളിവിയ മെറി ന്യൂസിലാണ്ടിനെ ഒപ്പമെത്തിച്ചു.

ആദ്യ പകുതി അവസാനിക്കുവാന്‍ മിനുട്ടുകള്‍ അവശേഷിക്കേ ടെസ്സ ജോപ്പ് ന്യൂസിലാണ്ടിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി ഫ്രാന്‍സസ് ഡേവിസ് ന്യൂസിലാണ്ടിന് 3-1ന്റെ ലീഡ് നേടിക്കൊടുത്തു.

ലാല്‍റെംസിയാമി ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും ഒളിവിയ 53ാം മിനുട്ടിൽ വീണ്ടും ന്യൂസിലാണ്ടിനെ മുന്നിലെത്തിച്ചു. ഗുര്‍ജിത്ത് കൗര്‍ 58ാം മിനുട്ടിൽ ഇന്ത്യയുടെ തോൽവി ഭാരം കുറച്ച് ഒരു ഗോള്‍ കൂടി നേടി.

ന്യൂസിലാണ്ട് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഇംഗ്ലണ്ടും ഇന്ത്യയും ക്രോസ്ഓവര്‍ വിഭാഗം കളിക്കുവാനായി നീങ്ങി.