പൊരുതാതെ കീഴടങ്ങി ഇന്ത്യ, വനിത ലോക ടി20യില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയ ഫൈനല്‍

- Advertisement -

89/2 എന്ന നിലയില്‍ നിന്ന് 112 റണ്‍സിനു പുറത്താകുന്ന ടീമില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് വിജയമല്ലെന്നിരിക്കെ ആരാധകരുടെ അവസാന പ്രതീക്ഷയായി ബൗളിംഗില്‍ ഇന്ത്യ തിരിച്ചുവരുമെന്ന പ്രത്യാശയും ഫലം കാണാതെ പോയപ്പോള്‍ ഇന്ത്യയെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോക ടി20 ഫൈനലിലേക്ക്. നേടേണ്ടത് ചെറിയ ലക്ഷ്യമാണെങ്കിലും തുടക്കം പിഴച്ചുവെങ്കിലും പതറാതെ ടീമിനെ മുന്നോട്ട് നയിച്ച് ആമി എല്ലെന്‍ ജോണ്‍സും നത്താലി സ്കിവറും ടീമിനു മികച്ച അടിത്തറയാണ് നല്‍കിയത്.

10 ഓവറില്‍ 60/2 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ച ഇരുവരും മൂന്നാം വിക്കറ്റില്‍ അപരാജിതമായി നിന്ന് 92 റണ്‍സാണ് നേടിയത്. 74 പന്തില്‍ നിന്നാണ് ഇവരുടെ ഈ കൂട്ടുകെട്ട്. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ തികച്ചാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചത്. 17 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ടിന്റെ ഈ മികച്ച വിജയം.

അഞ്ചോവറിനുള്ളില്‍ 24 റണ്‍സിനു രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും പിന്നീട് മത്സരത്തില്‍ ഇംഗ്ലണ്ട് തന്നെ മികവ് പുലര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് യാതൊരുവിധ സമ്മര്‍ദ്ദവും സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് ടീമിനെ ഫൈനലിലേക്ക് എത്തിച്ചു.

നത്താലി സ്കിവര്‍ 54 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് ബൗണ്ടറി നേടിയാണ് നയിച്ചത്. ആമി എല്ലെന്‍ ജോണ്‍സ് ഏറെ നിര്‍ണ്ണായകമായ 51 റണ്‍സ് നേടി പുറത്താകാതെ നത്താലിയ്ക്ക് കൂട്ടായി നിന്നു. ഇന്ത്യയ്ക്കായി രാധ യാദവും ദീപ്തി ശര്‍മ്മയും ഓരോ വിക്കറ്റ് നേടി.

Advertisement