കോമൺവെൽത്ത് ഗെയിംസിന്റെ വനിത ഹോക്കിയിൽ സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ കാനഡയ്ക്കെതിരെ ആവേശകരമായ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്. 3-2 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.
ഗ്രൂപ്പിൽ മൂന്ന് വിജയങ്ങള്‍ ഇന്ത്യ ഇന്നത്തെ ജയത്തോടെ നേടിയെങ്കിലും ഇന്ന് ജയത്തിൽ കുറഞ്ഞ ഫലമായിരുന്നുവെങ്കിൽ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിക്കുമായിരുന്നു. അവസാന ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ മത്സരത്തിൽ ഇന്ത്യയും കാനഡയും രണ്ട് ഗോള്‍ വീതമാണ് നേടിയത്.
നവ്നീത് കൗര്‍, സലീമ ടെടേ, ലാല്‍റെംസിയാമി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറിൽ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തിയപ്പോള്‍ രണ്ടാം ക്വാര്‍ട്ടറിൽ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി. മൂന്നാം ക്വാര്‍ട്ടറിൽ കാനഡ ഗോള്‍ മടക്കിയപ്പോള്‍ ഇന്ത്യയുടെ വിജയ ഗോള്‍ നാലാം ക്വാര്‍ട്ടറിൽ പിറന്നു.
മൂന്നാം മിനുട്ടിൽ സലീമയാണ് ഗോള്‍ നേടി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 22ാം മിനുട്ടിൽ നവ്നീത് കൗര്‍ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. തൊട്ടടുത്ത മിനുട്ടിൽ ബ്രിയന്നേ സ്റ്റെയേഴ്സ് കാനഡയ്ക്കായി ഒരു ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു.
രണ്ടാം പകുതി തുടങ്ങി 39ാം മിനുട്ടിൽ ഹന്ന ഹൗഗന്‍ കാനഡയുടെ സമനില ഗോള്‍ നേടുകയായിരുന്നു. 51ാം മിനുട്ടിൽ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ വിജയ ഗോള്‍ കണ്ടെത്തിയത്.