വെടികെട്ടുമായി അക്സർ പട്ടേൽ, കൂറ്റൻ ലീഡ് നേടിയ ഇന്ത്യ ഡിക്ലയർ ചെയ്തു

Staff Reporter

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ലീഡ് നേടിയ ഇന്ത്യ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എടുത്തതിനു ശേഷമാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഡിക്ലയർ ചെയ്യുമ്പോൾ 26 പന്തിൽ നിന്ന് 41 റൺസ് എടുത്ത് അക്‌സർ പട്ടേൽ പുറത്താവാതെ നിന്നു.

മത്സരത്തിൽ 539 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കിയതിന് ശേഷമാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ടെസ്റ്റ് മത്സരം രണ്ട് ദിവസം ഇനിയും ശേഷിക്കെ ന്യൂസിലാൻഡ് തോൽവി ഒഴിവാക്കാൻ അത്ഭുതങ്ങൾ കാണിക്കേണ്ടി വരും. ഇന്ത്യക്ക് വേണ്ടി മായങ്ക് അഗർവാൾ(62), ചേതേശ്വർ പൂജാര (47), ശുഭ്മൻ ഗിൽ (47), വിരാട് കോഹ്‌ലി(36) എന്നിവർ മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്.

ന്യൂസിലാൻഡിനു വേണ്ടി ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേൽ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് കൂടി വീഴ്ത്തി. കൂടാതെ രചിൻ രവീന്ദ്ര 3 വിക്കറ്റും വീഴ്ത്തി.