ഓസ്ട്രലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. 31 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. പരാജയം ഒഴിവാക്കാൻ വേണ്ടി ഓസ്ട്രലിയൻ വാലറ്റം പരിശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു സീരിസിന്റെ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
നേരത്തെ 323 റൺസ് വിജയ ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഓസ്ട്രേലിയയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. 291 റൺസിനാണ് ഓസ്ട്രലിയ ഓൾ ഔട്ട് ആയത്. ഇന്ത്യക്ക് വേണ്ടി ബുംറയും ഷമിയും അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടി. മറ്റൊരു വിക്കറ്റ് ഇഷാന്ത് ശർമക്കായിരുന്നു. ഓസ്‌ട്രേലിയൻ നിരയിൽ 60 റൺസ് എടുത്ത ഷോൺ മാർഷും 41 റൺസ് എടുത്ത പൈനും മാത്രമാണ് ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തത്. വാലറ്റത്ത് 38 റൺസുമായി നാഥൻ ലയൺ പൊരുതി നോക്കിയെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. അവസാന വിക്കറ്റിൽ ഹസൽവുഡിനെ കൂട്ടുപിടിച്ച് നാഥൻ ലയൺ ജയത്തിനായി പൊരുതിയെങ്കിലും അശ്വിൻ അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ജയം ഉറപ്പിച്ചു.
മത്സരത്തിൽ 11 താരങ്ങളെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ പന്ത് ഏറ്റവും കൂടുതൽ കളിക്കാരെ പുറത്താക്കിയവരുടെ പട്ടികയിൽ ഒപ്പമെത്തുകയും ചെയ്തു.