ദക്ഷിണാഫ്രിക്കക്ക് എതിരായ അവസാന ടി20യിൽ ഇന്ത്യക്ക് വമ്പൻ വിജയം. ഇന്ത്യ 135 റൺസിന്റെ വിജയമാണ് ഇന്ന് നേടിയത്. ഇതോടെ ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 284 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 148 റൺസ് എടുക്കാനെ ആയുള്ളൂ.
ചെയ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 10 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 4 വിക്കറ്റുകൾ നഷ്ടമായി. റിക്കിൽട്ടൻ (1), റീസ ഹെൻഡ്രിക്സ് (0), മാക്രം (8), ക്ലാസൻ (0) എന്നിവർ ആണ് ആദ്യ 3 ഓവറിൽ തന്നെ കളം വിട്ടത്. ഇതിനു ശേഷം മില്ലറും സ്റ്റബ്സും ചേർന്ന് പൊരുതി.
സ്റ്റബ്സ് 43 റൺസ് എടുത്തും മില്ലർ 36 റൺസ് എടുത്തും പുറത്തു പോയി. ഇതോടെ ദക്ഷിണാഫ്രിക്കൻ പ്രതിരോധാവും തകർന്നു. ഇന്ത്യക്ക് ആയി അർഷദീപ് 3 വിക്കറ്റു വീഴ്ത്തി. അക്സറും വരുണും 2 വിക്കറ്റുകൾ വീതവും വീഴ്ത്തി.
സഞ്ജു സാംസണും തിലക് വർമ്മയും തകർത്തടിച്ച ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടാൻ ആയിരുന്നു. ഇന്ത്യ 20 ഓവറിൽ 283-1 റൺസ് ആണ് അടിച്ചു കൂട്ടിയത്. സഞ്ജുവും തിലക് വർമ്മയും ഇന്ത്യക്ക് ആയി സെഞ്ച്വറികൾ നേടി. ആകെ 23 സിക്സുകൾ ഇന്ത്യ അടിച്ചു. ഇന്ത്യയുടെ ടി20യിലെ ഒരു മത്സരത്തിലെ സിക്സടിയിലെ റെക്കോർഡാണിത്. ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ഏറ്റവും വലിയ ടി20 സ്കോറുമാണിത്.
പക്വതയോടെ കളിച്ച സഞ്ജു കൃത്യമായി മോശം പന്തുകൾ നോക്കി ആക്രമിക്കുക ആയിരുന്നു ഇന്ന് തുടക്കം മുതൽ ചെയ്തത്. സഞ്ജു 28 പന്തിൽ നിന്നാണ് അർധ സെഞ്ച്വറിയിൽ എത്തിയത്. 5 ഫോറും 3 സിക്സും സഞ്ജു സാംസൺ ഫിഫ്റ്റി നേടുമ്പോൾ തന്നെ അടിച്ചു കഴിഞ്ഞു. പവർ പ്ലേയിൽ സഞ്ജുവും അഭിഷേകും ചേർന്ന് 73 റൺസ് പവർ പ്ലേയിൽ അടിച്ചു. അഭിഷേക് 18 പന്തിൽ നിന്ന് 36 റൺസ് ആണ് അടിച്ചത്.
ഇതിനു ശേഷം തിലക് വർമ്മക്ക് ഒപ്പം ചേർന്ന് സഞ്ജു സാംസൺ ആക്രമണം തുടർന്നു. തിലക് വർമ്മ 22 പന്തിലേക്ക് അർധ സെഞ്ച്വറിയിൽ എത്തി. സഞ്ജു സാംസൺ 51 പന്തിലാണ് സെഞ്ച്വറിയിൽ എത്തിയത്. 8 സിക്സും 6 ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഇത് ഇന്ത്യക്ക് ആയുള്ള സഞ്ജുവിന്റെ മൂന്നാം ടി20 സെഞ്ച്വറിയാണിത്.
കഴിഞ്ഞ കളിയിൽ സെഞ്ച്വറി അടിച്ച തിലക് വർമ്മ സഞ്ജുവിന് പിന്നാലെ സെഞ്ച്വറിയിൽ എത്തി. 41 പന്തിൽ നിന്ന് ആണ് തിലജ് സെഞ്ച്വറിയിൽ എത്തിയത്. തിലക് ആകെ 47 പന്തിൽ 119 റൺസ് ആണ് എടുത്തത്. 10 സിക്സുകൾ തിലക് വർമ്മ അടിച്ചു. 9 ഫോറും തിലക് വർമ്മയുടെ ബാറ്റിൽ നിന്ന് വന്നു.
സഞ്ജു സാംസൺ ആകെ 56 പന്തിൽ 109 റൺസ് എടുത്തു. 9 സിക്സും 6 ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാം ടി20 സ്കോർ ആണിത്.