ഇന്ത്യയെ വിറപ്പിച്ചുവെങ്കിലും ഒടുവില്‍ കീഴടങ്ങി ജപ്പാന്‍. ആദ്യ പകുതിയവസാനിക്കുമ്പോള്‍ 1-1നു തുല്യത പാലിച്ച ശേഷം ഗോള്‍ നേടുവാന്‍ ഏറെ ബുദ്ധിമുട്ടിയ ഇന്ത്യ മത്സരത്തിന്റെ അവസാനത്തോടെ നേടിയ ഗോളുകളുടെ ബലത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിലേക്ക് കടന്നു. 3-2 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം.
19ാം മിനുട്ടില്‍ ഗുര്‍ജന്തിലൂടെ ലീഡ് നേടിയെങ്കിലും മൂന്ന് മിനുട്ടിനുള്ളില്‍ ജപ്പാന്‍ സമനില ഗോള്‍ കണ്ടെത്തി. പിന്നെ 44ാം മിനുട്ട് വരെ ജപ്പാന്‍ പ്രതിരോധം ഭേദിക്കുവാന്‍ ബുദ്ധിമുട്ടിയ ഇന്ത്യയ്ക്ക് ചിംഗ്ലെന്‍സാന നേടിയ ഗോളിലൂടെ മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ 2-1ന്റെ ലീഡ് നേടാനായി. 55ാം മിനുട്ടില്‍ ദില്‍പ്രീത് നേടിയ ഗോളില്‍ ഇന്ത്യ അജയമായ ലീഡ് സ്വന്തമാക്കുകയും 3-1 എന്ന സ്കോറിനു ഫൈനല്‍ ഉറപ്പിക്കുകയും ചെയ്യുമെന്ന് കരുതിയെങ്കിലും തൊട്ടടുത്ത നിമിഷം ഗോള്‍ മടക്കി ജപ്പാന്‍ വീണ്ടും ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. എന്നാലും അധികം സമയം അവശേഷിക്കാത്തതിനാല്‍ ഇന്ത്യ ഫൈനലിലേക്ക് കടന്ന് കൂടുകയായിരുന്നു.
ഇന്ന് നടന്ന ആദ്യ സെമിയില്‍ പെനാള്‍ട്ടിയില്‍ മലേഷ്യയെ തകര്‍ത്ത് പാക്കിസ്ഥാന്‍ ഫൈനലിലേക്ക് കടക്കുകയായിരുന്നു. നിശ്ചിത സമയത്ത് 4-4നു പിരിഞ്ഞ ശേഷം ഷൂട്ടൗട്ടില്‍ 3-1നു പാക്കിസ്ഥാന്‍ വിജയം കൊയ്തു.