ഓവൽ ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 466 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ഗംഭീരമായി ബാറ്റു ചെയ്ത ഇന്ത്യ 367 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ഉയർത്തിയിരിക്കുന്നത്. നാലാം ദിവസം കളി മൂന്നാം സെഷനിൽ ഇരിക്കെ 466 റൺസ് എടുത്താണ് ഇന്ത്യ ആൾ ഔട്ടായത്. ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി വിജയം നേടി ടൂർണമെന്റിൽ ലീഡ് എടുക്കുക ആകും ഇന്ത്യയുടെ ഇനിയുള്ള ലക്ഷ്യം.
ആദ്യ ഇന്നിങ്സിലെ ഇന്ത്യൻ ഹീറോ ശർദ്ധുൽ താക്കൂർ രണ്ടാം ഇന്നിങ്സിലും ഗംഭീര പ്രകടനം നടത്തി. 60 റൺസ് ആണ് ഇന്ന് താക്കൂർ രണ്ടാം ഇന്നിങ്സിൽ അടിച്ചത്. ആദ്യ ഇന്നിങ്സിൽ താരം 57 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു. അർധ സെഞ്ച്വറിയുമായി റിഷഭ് പന്ത് താക്കൂറിനൊപ്പം ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. പന്ത് 50 റൺസ് എടുത്താണ് കളം വിട്ടത്.
വാലറ്റത്ത് ഗംഭീരമായി കളിച്ച ബുമ്ര 24, ഉമേഷ് 25, എന്നിവരും ഇന്ത്യൻ സ്കോർ ഉയർത്താൻ സഹായിച്ചു. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി എടുത്ത രോഹിത് തന്നെയാണ് ടോപ് സ്കോറർ. 127 റൺസ് എടുക്കാൻ ഇന്ത്യൻ ഓപ്പണർക്ക് ആയിരുന്നു. രാഹുൽ 46, പൂജാര 61, കോഹ്ലി 44 എന്നിവരും ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി. ഇംഗ്ലണ്ടിനു വേണ്ടി വോക്സ് മൂന്ന് വിക്കറ്റും ഒവെർടൺ, മൊയീൻ അലി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.