വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് ഇന്ത്യക്ക് സ്വന്തം. നാലാം ദിവസം തകർപ്പൻ പ്രകടനത്തോടെയാണ് ഇന്ത്യ വിജയം നേടിയത്. നാലാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെ 100 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ 319 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 343-7 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. അവസാന ഇന്നിങ്സിൽ 419 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസ് പക്ഷെ ഇന്ത്യൻ ബൗളിംഗിനു മുന്നിൽ വിറക്കുകയായിരുന്നു.
ബുമ്ര മുന്നിൽ നിന്ന് ആക്രമണം അഴിച്ചു വിട്ടപ്പോൾ വെറും 100 റൺസിന് വെസ്റ്റിൻഡീസ് ബാറ്റിംഗ് അവസാനിച്ചു. 5 വിക്കറ്റാണ് ബുമ്ര സ്വന്തമാക്കിയത്. ഇഷാന്ത് ശർമ്മ മൂന്ന് വിക്കറ്റും, ശമി രണ്ട് വിക്കറ്റും നേടി ബുമ്രയ്ക്ക് പിന്തുണ നൽകി. ആകെ 26 ഓവർ മാത്രമേ വെസ്റ്റിൻഡീസിന് പിടിച്ചു നിൽക്കാൻ ആയുള്ളൂ. 8 ഓവറിൽ 7 റൺസ് മാത്രം വിട്ട് നൽകിയാണ് ബുമ്ര 5 വിക്കറ്റുകൾ എടുത്തത്.
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ രഹാനെ സെഞ്ച്വറി നേടിയിരുന്നു. 242 പന്തിൽ നിന്ന് 102 റൺസ് എടുത്താണ് രഹാനെ പുറത്തായത്. രഹാനെയുടെ പത്താം ടെസ്റ്റ് സെഞ്ച്വറി ആണ് ഇത്. ഹനുമ വിഹാരി 93 റൺസും എടുത്തു. ഹനുമ വിഹാരി 93 റൺസിന് പുറത്തായ ഉടനെ തന്നെ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യ ക്യാപ്റ്റൻ കോഹ്ലി 51 റൺസും എടുത്തിരുന്നു. വെസ്റ്റിൻഡീസിനു വേണ്ടി റോസ്റ്റൺ ചേസ് നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.