ഐ ലീഗില്‍ കിരീടപ്പോരാട്ടം!
ഗോകുലം കേരള മുഹമ്മദന്‍സിനെ നേരിടും
കൊല്‍ക്കത്ത: ഐ ലീഗ് കിരീടം തേടി ഗോകുലം കേരള നാളെ കളത്തിലിറങ്ങുന്നു. വൈകിട്ട് 7 മണിക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. 24 ന്യൂസിലും വൺ സ്പോർട്സ് ചാനലിലും കളി തത്സമയം ഉണ്ടായിരിക്കും.
ഗോകുലം കേരളക്ക് നാളെ ഒരു പോയിന്റ് മാത്രം മതി കിരീടം ഉറപ്പിക്കാൻ. മുഹമ്മദന്‍സിനെതിരെ സമനില എങ്കിലും നേടിയാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം കേരളത്തിലെത്തിക്കാം. മുഹമ്മദന്‍സിന് ആകട്ടെ ജയിച്ചാല്‍ മാത്രമേ കിരീടം സ്വന്തമാക്കാന്‍ കഴിയൂ. ശ്രീനിധി ക്ലബിനെതിരേ സമനിലയെങ്കിലും പ്രതീക്ഷിച്ചായിരുന്നു ഗോകുലം ഇറങ്ങിയതെങ്കിലും അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതോടെയായിരുന്നു കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടത്.
നാളെ രാത്രി എഴിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടം മൊഹമ്മദൻസ് ആരാധകരാൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ആകും നടക്കുക. ലീഗ് ഘട്ടത്തില്‍ മുഹമ്മദന്‍സുമായി മത്സരിച്ചപ്പോള്‍ 1-1ന്റെ സമനിലയായിരുന്നു ഗോകുലം നേടിയത്
ഗോകുലം കേരളയുടെ മുന്‍താരമായിരുന്ന മാര്‍ക്കസ് ജോസഫാണ് മുഹമ്മദന്‍സിന്റെ മുന്നേറ്റത്തില്‍ കളിക്കുന്നത്. മുഹമ്മദന്‍സ് മുന്നേറ്റത്തിന് മതില്‍ കെട്ടി തടയുക എന്നതാണ് ഗോകുലത്തിന് മുന്നിലുള്ള ഇന്നത്തെ പ്രധാന ദൗത്യം. ശ്രീനിധിക്കെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ക്യാപ്റ്റനും മധ്യനിര താരവുമായ ശരീഫ് മുഹമ്മദും മലയാളി താരം ജിതിന്‍ എം.എസും ഇന്ന് ഗോകുലത്തിനൊപ്പമുണ്ടാകില്ല. പരുക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയന്‍ താരം ലൂക്ക മെയ്‌സന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്.
17 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ഗോകുലം കേരളയുടെ സമ്പാദ്യം. ഇത്രയും മത്സരത്തില്‍ നിന്ന് 37 പോയിന്റാണ് മുഹമ്മദന്‍സ് നേടിയിട്ടുള്ളത്. ജയിച്ചാൽ മൊഹമ്മദൻസിനും 40 പോയിന്റാകും. ഹെഡ് ഹെഡിൽ അവർക്ക് മുൻ തൂക്കവുംലഭിക്കും. അതിനാല്‍ ഇന്ന് ഐ ലീഗ് കിരീടത്തിനായി സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ തീപാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. കിരീടം നേടിയാൽ തുടർച്ചയായി രണ്ട് ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായി ഗോകുലത്തിന് മാറാം.