ഐ എസ് എല്ലിൽ ഹൈദരബാദ് എഫ് സി ഇന്ന് നടത്തിയ പോരാട്ടം വിജയം അർഹിച്ചതായിരുന്നു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനെതിരെ പത്തു പേരുമായി പൊരുതി കളിച്ച ഹൈദരാബാദ് 91ആം മിനുട്ട് വരെ 2-1ന് മുന്നിൽ ആയിരുന്നു. പക്ഷെ അവസാന നിമിഷ ഗോൾ ബഗാനെ സമനിലയുമായി രക്ഷിച്ചു. ലീഗ് ചാമ്പ്യന്മാരാകാനുള്ള എ ടി കെയുടെ മോഹം വൈകിപ്പിക്കാൻ ഈ സമനില സഹായിക്കും എങ്കിലും ഹൈദരബാദിന് മൂന്ന് പോയിന്റുകൾ അത്യാവശ്യമായിരുന്നു.
ഇന്ന് മത്സരം തുടങ്ങു അഞ്ചാം മിനുട്ടിൽ തന്നെ ഹൈദരബാദ് പത്തു പേരായി ചുരുങ്ങിയിരുന്നു. ചിങ്ലൻ സന ആണ് അഞ്ചാം മിനുട്ടിൽ ഒരു ലാസ്റ്റ് മാൻ ടാക്കിൾ കാരണം ചുവപ്പ് കണ്ടത്. എന്നാൽ പത്തു പേരായി ചുരുങ്ങി എങ്കിലും ഹൈദരബാദ് തളർന്നില്ല. എട്ടാം മിനുട്ടിൽ അരിദാനയിലൂടെ ഹൈദരാബാദ് മുന്നിൽ എത്തി. ഈ ഗോൾ അല്ലാതെ തന്നെ നിരവധി അവസരങ്ങൾ ഹൈദരബാദ് സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോൾ ആദ്യ പകുതിയിൽ പിറന്നില്ല.
രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ മൻവീർസിങിന്റെ ഗംഭീര സ്ട്രൈക്കിൽ എ ടി കെ ഒപ്പം എത്തി. ഇതിലും തളരാതെ ഹൈദരബാദ് വീണ്ടും ലീഡ് എടുത്തു. 75ആം മിനുട്ടിൽ റൊളണ്ട് ആണ് ഹൈദരബാദിന്റെ രണ്ടാം ഗോൾ നേടിയത്. ഈ ഗോൾ വിജയം നൽകി എന്ന് ഹൈദരാബാദ് കരുതി എങ്കിലും ഇഞ്ച്വറി ടൈമിലെ അശ്രദ്ധ അവർക്ക് വിനയായി. പ്രിതം കൊടാലിന്റെ ഗോളിൽ എ ടി കെ സമനില പിടിച്ചു.
ഈ സമനിലയോടെ 40 പോയിന്റുമായി എ ടി കെ ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്. ഇനി അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് സമനില നേടിയാൽ തന്നെ എ ടി കെയ്ക്ക് ലീഗ് ചാമ്പ്യന്മാരാകാം. ഇന്നത്തെ ഫലം ഹൈദരബാദിനെ 28 പോയിന്റിൽ നിർത്തുകയാണ്. ഇപ്പോൾ നാലാമത് ആണ് ഹൈദരാബാദ് ഉള്ളത്.