ഇറ്റാലിയൻ സീരി എയിൽ കിരീടം നിലനിർത്താൻ ഇറങ്ങിയ ഇന്റർ മിലാനു വമ്പൻ തിരിച്ചടി. അപകടകാരികൾ ആയ ബൊളാഗ്നക്ക് എതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്റർ മിലാൻ പരാജയപ്പെട്ടതോടെ കിരീട പോരാട്ടത്തിൽ അവർക്ക് ഉണ്ടായിരുന്ന മുൻതൂക്കം നഷ്ടമായി. നിലവിൽ 34 മത്സരങ്ങൾക്ക് ശേഷം ഇന്റർ മിലാനു 2 പോയിന്റുകൾ മുന്നിൽ എ.സി മിലാൻ ആണ് ലീഗിൽ ഒന്നാമത്. ജയത്തോടെ ലീഗിൽ ഒന്നാമത് എത്താനുള്ള അവസരം ആണ് ഇന്റർ ഇന്ന് നഷ്ടമാക്കിയത്. പന്ത് കൈവശം വക്കുന്നതിൽ വലിയ മുൻതൂക്കം ഉണ്ടായിരുന്ന ഇന്റർ 26 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്.
മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ നിക്കോള ബരേല്ലയുടെ പാസിൽ നിന്നു നിരവധി പ്രതിരോധനിരക്കാരെ മറികടന്നു ഇവാൻ പെരിസിച് ഇന്ററിന് മുൻതൂക്കം നൽകി. മൂസ ബരോയുടെ മികച്ച ക്രോസിൽ നിന്നു 28 മത്തെ മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടിയ മാർകോ അർണോടോവിച് ബൊളാഗ്നക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് വിജയ ഗോൾ നേടാനുള്ള ഇന്റർ ശ്രമങ്ങൾ പരാജയപ്പെടുന്നത് ആണ് കാണാൻ ആയത്. തുടർന്ന് 81 മത്തെ മിനിറ്റിൽ പെരിസിച് തനിക്ക് നേരെ എറിഞ്ഞ ത്രോ അടിച്ചകറ്റാൻ ഇന്റർ മിലാന്റെ രണ്ടാം ഗോൾ കീപ്പർ റാഡുവിനു ആയില്ല. ഇന്റർ ഗോൾ കീപ്പറുടെ വമ്പൻ അബദ്ധം മുതലെടുത്ത പകരക്കാരൻ നിക്കോള സാൻസോൻ നിസ്സാരമായി ഗോൾ നേടി ഇന്ററിന് പരാജയം സമ്മാനിക്കുക ആയിരുന്നു. തുടർന്നും ഗോൾ നേടാൻ ഇന്റർ ശ്രമിച്ചു എങ്കിലും അവർക്ക് അതിനു ആയില്ല. നിലവിൽ വരുന്ന നാലു കളികളും ജയിച്ചാൽ എ.സി മിലാൻ ഏതാണ്ട് ഒരു പതിറ്റാണ്ടിനു സീരി എ കിരീടം ചൂടും.