അവസാന 5 മിനുട്ടിൽ 2 ഗോൾ, ജർമ്മനിയിൽ അത്ഭുത തിരിച്ചുവരവോടെ ഓറഞ്ച് പട സെമിയിൽ

- Advertisement -

യുവേഫ നാഷൺസ് ലീഗിലെ അവിസ്മരണീയ മത്സരങ്ങളുടെ കൂട്ടത്തിലേക്ക് ഒരു മത്സരം കൂടെ. ഇന്ന് ജർമ്മനിയിൽ നടന്ന ജർമ്മനി ഹോളണ്ട് പോരാട്ടത്തിലാണ് അത്ഭുത തിരിച്ചുവരവ് കണ്ടത്. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒരു സമനില മതിയായിരുന്നു ഹോളണ്ടിന് സെമിയിൽ എത്താൻ. എന്നാൽ കളിയിൽ 85 മിനുട്ട് വരെ എതിരില്ലാത്ത രണ്ടു ഗോളിന് പിറകിലായിരുന്നു ഹോളണ്ട്. അവസാന അഞ്ചു മിനുട്ടിലെ പോരാട്ടം ഓറഞ്ച് പടയ്ക്ക് സമനിലയും സെമിയും നേടിക്കൊടുത്തു.

ആദ്യ 20 മിനുട്ടിൽ തന്നെ ഇന്ന് ജർമ്മനിയുടെ രണ്ടു ഗോളുകളും പിറന്നിരുന്നു. 8ആം മിനുട്ടിൽ ടിമോ വെർണർ ആദ്യം ജർമ്മനിയെ മുന്നിൽ എത്തിച്ചു. 12 മിനുട്ടുകൾക്ക് ശേഷം ക്രൂസിന്റെ ഒരു ഒആസിൽ നിന്ന് സാനെ മത്സരത്തിലെ രണ്ടാം ഗോളും നേടി. മാഞ്ചസ്റ്റർ സിറ്റി താരം സാനെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ജർമ്മനിക്കായി ഗോൾ നേടുന്നത്.

85ആം മിനുട്ടിൽ ക്വിൻസിയിലൂടെ ഒരു ഗോൾ മടക്കിയപ്പോഴാണ് ഹോളണ്ടിന് വീണ്ടും സെമി പ്രതീക്ഷ വന്നത്. 90ആം മിനുട്ടിൽ ലിവർപൂൾ താരം വാൻ ഡൈകാണ് ഹോളണ്ടിന് സമനില നേടിക്കൊടുത്തത്. ഒരു വോളിയിലൂടെ ആയിരുന്നു വാൻ ഡൈകിന്റെ ഗോൾ.

ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായാണ് ഹോളണ്ട് സെമിഫൈനലിലേക്ക് കടന്നുത്. ഏഴു പോയന്റു തന്നെയുള്ള ഫ്രാൻസിന് രണ്ടാം സ്ഥനമെ ഉള്ളൂ. ജർമ്മനിയാണ് ഗ്രൂപ്പിൽ നിന്ന് തരം താഴ്പ്പെട്ടത്.

Advertisement