ഓറഞ്ച് പടയ്ക്കൊപ്പം സ്നൈഡറിന് ഇനി അവസാന അങ്കം

Newsroom

ഡച്ച് മിഡ്ഫീൽഡർ വെസ്ലി സ്നൈഡറിന്റെ ഹോളണ്ട് ജേഴ്സിയിലെ അവസാന മത്സരത്തിനുള്ള അരങ്ങ് ഒരുങ്ങുന്നു. അടുത്ത ആഴ്ച നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനായി ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമൻ ടീം പ്രഖ്യാപിച്ചപ്പോൾ സ്നൈഡറും ഇടം പിടിച്ചിരുന്നു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന സ്നൈഡ്സ്റിന് മികച്ചൊരു യാത്രയയപ്പ് നൽകലാണ് ഹോളണ്ടിന്റെ ലക്ഷ്യം.

പെറുവിനെതിരെയാണ് ഹോളണ്ടിന്റെ മത്സരം. 34കാരനായ സ്നൈഡർ ഈ കഴിഞ്ഞ ലോകകപ്പ് യോഗ്യത ഹോളണ്ട് നേടാതിരുന്നതോടെ ആയിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ഹോളണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡുള്ള താരമാണ് സ്നൈഡർ‌. 133 മത്സരങ്ങൾ രാജ്യത്തിന്റെ ജേഴ്സിയിൽ സ്നൈഡർ കളിച്ചു. മുമ്പ് അയാക്സ്, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളുടെ മിഡ്ഫീൽഡ് ഭരിച്ചിരുന്ന താരമാണ് സ്നൈഡ്ർ.

ഇപ്പോൾ ഖത്തറി ക്ലബായ അൽ ഖരാഫയുടെ താരമാണ്.