അവസാന നിമിഷത്തിലെ ഗോളിൽ റോമയെ അട്ടിമറിച്ച് മിലാൻ

സീരി എയിൽ എസി മിലാന് തകർപ്പൻ ജയം. വാശിയേറിയ മത്സരത്തിൽ റോമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മിലാൻ ജയം പിടിച്ചെടുത്തത്. പാട്രിക്ക് കുട്രോണിന്റെ അവസാന നിമിഷ ഗോളാണ് ഗട്ടൂസോയ്ക്കും മിലാനും സീസണിലെ ആദ്യ വിജയം നേടിക്കൊടുത്തത്. മിലാന് വേണ്ടി കേസ്സിയും കുട്രോണും ഗോളടിച്ചപ്പോൾ റോമയുടെ ആശ്വാസ ഗോൾ നേടിയത് ഫെഡറിക്കോ ഫാസിയോയാണ്. ഇരു ടീമുകളുടെയും ഓരോ ഗോൾ വീതം “വാറി”ന്റെ ഇടപെടൽ മൂലം നഷ്ടമായിരുന്നു.

ആദ്യ പകുതിയിൽ ഫ്രാങ്ക് കേസ്സിയുടെ ഗോളിൽ മിലാൻ മുന്നിട്ടു നിന്നു. എന്നാൽ ഏറെ വൈകാതെ കോർണറുകളുടെ പരമ്പരയ്ക്ക് ശേഷം, മിലാൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഫെഡറിക്കോ ഫാസിയോ സമനില ഗോൾ നേടി. ഏറെ വൈകാതെ മിലാൻ കുപ്പായത്തിൽ അർജന്റീനയുടെ സൂപ്പർ താരം ഹിഗ്വെയിൻ കന്നി ഗോൾ അടിച്ചെന്ന് തോന്നിപ്പിച്ചെങ്കിലും വാറിന്റെ ഇടപെടൽ കാരണം ഓഫ് സൈഡായി വിധിച്ചു. അടുത്ത റോമയുടെ ഊഴം, നോൺസിയുടെ ഗോളും വാർ അസാധുവാക്കി. പിന്നീട് മത്സരം അവസാനിക്കാനിരിക്കെ കുട്രോണിന്റെ ഗോളിൽ മിലാൻ ജയം പിടിച്ചെടുത്തു.

 

Previous articleബൊറൂസിയ ഡോർട്ട്മുണ്ടിനെ പിടിച്ചു കെട്ടി ഹാന്നോവർ
Next articleഓറഞ്ച് പടയ്ക്കൊപ്പം സ്നൈഡറിന് ഇനി അവസാന അങ്കം