ചരിത്ര നിമിഷം!!! നിര്‍ണ്ണായക മത്സരത്തിൽ വിജയം നേടി പ്രണോയ്, ഇന്ത്യ തോമസ് കപ്പ് സെമിയിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്. ഇന്ന് ഇന്ത്യയുടെ തോമസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയ്ക്കെതിരെ 3-2ന്റെ വിജയം ഇന്ത്യ നേടിയപ്പോള്‍ ഇന്ത്യയ്ക്കായി ശ്രീകാന്ത് കിഡംബി, എച്ച്എസ് പ്രണോയ്, ഡബിള്‍സിൽ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി എന്നിവരാണ് വിജയം കരസ്ഥമാക്കിയത്. 1979ൽ ജക്കാര്‍ത്തയിൽ നടന്ന തോമസ് കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ സെമി ഫൈനലില്‍ കടന്നത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മലേഷ്യയെ കീഴടക്കി സെമിയിൽ കടന്നതോടെ ഇന്ത്യയ്ക്ക് തോമസ് കപ്പിലെ ആദ്യ മെഡൽ ഉറപ്പായി.

ആദ്യ മത്സരത്തിനിറങ്ങിയ ലക്ഷ്യ സെന്നിന് പരാജയം ആയിരുന്നു ഫലം എങ്കിലും സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് തങ്ങളുടെ മത്സരം വിജയിച്ച് ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് കൊണ്ടു വന്നു. അടുത്ത സിംഗിള്‍സിൽ ശ്രീകാന്ത് കിഡംബിയും അനായാസ വിജയം നേടിയപ്പോള്‍ ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി.

രണ്ടാം ഡബിള്‍സിൽ കൃഷ്ണ പ്രസാദ് ഗാരാഗ – വിഷ്ണുവര്‍ദ്ധന്‍ ഗൗഡ പഞ്ചാല കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ മത്സരം ഏറെ നിര്‍ണ്ണായകമായ മൂന്നാം സിംഗിള്‍സിലേക്ക് നീങ്ങി. ഈ നിര്‍ണ്ണായക മത്സരത്തിൽ പ്രണോയ് 21-13, 21-8 എന്ന സ്കോറിന് ആധിപത്യം പുലര്‍ത്തിയപ്പോള്‍ വിജയവും സെമിയും ഇന്ത്യയ്ക്കൊപ്പം നിന്നു.