സീസണിലെ അവസാന രഞ്ജി മത്സരത്തില്‍ കേരളത്തിന്റെ ആദ്യ പ്രഹരങ്ങളെ അതിജീവിച്ച് ഹിമാച്ചല്‍ പ്രദേശ്. 82/4 എന്ന നിലയിലേക്ക് വീണ ശേഷം മധ്യനിരയില്‍ അങ്കിത് കല്‍സിയും ഋഷി ധവാനും ചേര്‍ന്ന് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയും നിധീഷ് എംഡിയുടെ മികവില്‍ ആദ്യ പ്രഹരങ്ങള്‍ ഹിമാച്ചലിനു മേല്‍ ഏല്പിക്കുകയും ചെയ്ത ശേഷമാണ് എതിരാളികള്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഹിമാച്ചല്‍ 257/7 എന്ന നിലയിലാണ്. 58 റണ്‍സ് നേടിയ ഋഷി ധവാന്‍ പുറത്തായപ്പോള്‍ അങ്കിത് കല്‍സി 89 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. ഒപ്പം 11 റണ്‍സുമായി പങ്കജ് ജൈസ്വാല്‍ ക്രീസിലുണ്ട്. അമിത് കുമാര്‍(23), നിഖില്‍ ഗാംഗ്ട്ട(28) എന്നിവര്‍ക്കൊപ്പം പ്രശാന്ത് ചോപ്ര 23 റണ്‍സുമായി ഹിമാച്ചലിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി.
കേരളത്തിനു വേണ്ടി നിധീഷിന്റെ നാല് വിക്കറ്റിനു പുറമെ സന്ദീപ് വാര്യര്‍ രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടി.