ആദ്യ വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചു സിമോണ ഹാലപ്പ്

Wasim Akram

ചരിത്രത്തിൽ ആദ്യമായി വിംബിൾഡൺ സെമിഫൈനലിൽ എത്തിയ എലിന സിറ്റലീനയെ തകർത്തു റൊമാനിയൻ താരം സിമോണ ഹാലപ്പ് തന്റെ ആദ്യ വിംബിൾഡൺ ഫൈനലിൽ കടന്നു. 5 വർഷങ്ങൾക്ക് ശേഷം തന്റെ രണ്ടാമത്തെ മാത്രം വിംബിൾഡൺ സെമിഫൈനൽ കളിക്കുന്ന മുൻ ലോക ഒന്നാം നമ്പറും 7 സീഡുമായ ഹാലപ്പിന് വലിയ വെല്ലുവിളി ഉയർത്താൻ 8 സീഡ് സിറ്റലീനക്ക് ആയില്ല. ആദ്യ സെറ്റിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഹാലപ്പ് സിറ്റലീനയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു നയം വ്യക്തമാക്കി. പിന്നീട് ബ്രൈക്കിന്‌ പിറകെ ബ്രൈക്കുക്കുമായി കളം നിറഞ്ഞ ഹാലപ്പ് ആദ്യ സെറ്റിൽ ഉക്രൈൻ താരതത്തിനു ഒരവസരവും നൽകിയില്ല. ഒറ്റ ഗെയിം മാത്രം വിട്ടു കൊടുത്ത ഹാലപ്പ് 6-1 നു ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ കുറച്ച് കൂടി പൊരുതിയ സിറ്റലീനയെ ആണ് മത്സരത്തിൽ കണ്ടത്. ആദ്യം തൊട്ടെ ആദ്യ സെറ്റിൽ നിന്ന് വിഭിന്നമായി നന്നായി സർവീസ് ചെയ്ത സിറ്റലീന മത്സരത്തിൽ തിരിച്ചെത്തി എന്ന സൂചന നൽകി. എന്നാൽ സിറ്റലീനയുടെ നാലാം സർവീസ് ബ്രൈക്ക് ചെയ്ത ഹാലപ്പ് മത്സരം തന്റെ കയ്യെത്തും ദൂരത്തിലാക്കി. 6-3 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി ഹാലപ്പ് ദൈവത്തോട് നന്ദി പറഞ്ഞു കുരിശു വരച്ചു. മികച്ച പ്രകടങ്ങൾ തുടരുന്ന ഹാലപ്പ് കുറെ കാലത്തിനു ശേഷം തന്റെ മികച്ച ടെന്നീസ് ആണ് ഈ വിംബിൾഡനിൽ പുറത്തെടുക്കുന്നത്. ആദ്യ സീഡുകാർ ഒക്കെ നേരത്തെ പുറത്തായ ഈ വിംബിൾഡൺ ഹാലപ്പിന് ആദ്യ കിരീടം ഉയർത്താനുള്ള അവസരമാകുമോ എന്നു ശനിയാഴ്ച അറിയാം.