ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയത്തിനായുള്ള കാത്തിരിപ്പിന് അവസാനം. ലീഗിലെ ഏഴാം മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദ് എഫ് സിയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഒരുപാട് മാറ്റങ്ങളുമായി ഇറങ്ങിയത് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗുണം ചെയ്യുന്നത് ആണ് കളിയിൽ കണ്ടത്. കോസ്റ്റയും, കോനെയും ഹൂപ്പറും ഒക്കെ പുറത്തായപ്പോൾ യുവ ഡിഫൻഡർമാരായ ഹക്കുവും സന്ദീപും ഒക്കെ കളത്തിൽ ഇറങ്ങി. മൂന്ന് വിദേശ താരങ്ങൾ മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇലവനിൽ ഇന്ന് ഇറങ്ങിയത്.
വിദേശ താരങ്ങൾ കുറഞ്ഞ് ഇന്ത്യൻ യുവതാരങ്ങൾ എത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ വേഗത ഇന്ന് കൂട്ടി. രണ്ട് ടീമുകളും അറ്റാക്ക് ചെയ്താണ് തുടക്കം മുതൽ കളിച്ചത്. ഈ സീസണിൽ ആദ്യമായി കളത്തിൽ ഇറങ്ങിയ മലയാളി താരം അബ്ദുൽ ഹക്കു ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. 29ആം മിനുട്ടിൽ ആയിരുന്നു ഗോൾ വന്നത്. ഫകുണ്ടോ പെരേര എടുത്ത കോർണറിൽ നിന്ന് ഒരു പവർ ഫുൾ ഹെഡറിലൂടെ ആണ് ഹക്കു ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ അറ്റാക്കിലേക്ക് ഇറങ്ങി. നിരവധി അവസരങ്ങൾ ആണ് തുടരെ തുടരെ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചത്. ലക്ഷെ സഹലിനും ജോർദൻ മറെക്കും ലക്ഷ്യം കാണാൻ ആയില്ല. രാഹുൽ കെ പിയുടെ ഒരു മനോഹര ഷോട്ട് ആകട്ടെ സമർത്ഥമായ സുബ്രതാ പോൾ തട്ടിയകറ്റുകയും ചെയ്തു.
കിട്ടിയ അവസരങ്ങൾ മുതാലാക്കാത്തതിന് കേരള ബ്ലാസ്റ്റേഴ്സ് വലിയ വില കൊടുക്കേണ്ടി വന്നേനെ. 86ആം മിനുട്ടിൽ സാന്റാനയ്ക്ക് ഹൈദരബാദിനെ ഒപ്പം എത്തിക്കാൻ അവസരം ലഭിച്ചു. പക്ഷെ ആൽബിനോയുടെ സേവ് കേരളത്തെ രക്ഷിച്ചു. ഇതിനു പിന്നാലെ മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ജോർദൻ മറെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. താരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള രണ്ടാം ഗോളാണിത്.
കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഇന്ന് മികച്ചു നിന്നു. എല്ലാ ഡിഫൻസുകളെയും വിറപ്പിച്ച ലിസ്റ്റണെ ഒക്കെ ഒരു നീക്കം പോലും നടത്താൻ ആകാതെ പൂട്ടാൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡേഴ്സിനായി. സെന്റർ ബാക്ക് കൂട്ടുകെട്ടിൽ ഹക്കുവും സന്ദീപും പ്രതീക്ഷ നൽകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നത്തെ വിജയം ഉറപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഡിഫൻസ് തന്നെയാണ്. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 6 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. 9 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്താണ് ഉള്ളത്.