പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ വിജയം. കമ്മ്യൂണിറ്റി ഷീൽഡ് ഉൾപ്പെടെ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി നോർവിച് സിറ്റിയെ ആണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. കെവിൻ ഡി ബ്രുയിൻ ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്ക് ഇന്ന് നയിച്ചത് ഗ്രീലിഷ് ആയിരുന്നു. താരത്തിന് ഇന്ന് തന്റെ സിറ്റി കരിയറിലെ ആദ്യ ഗോൾ നേടാനും ആയി.
മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു സിറ്റി ലീഡ് എടുത്തത്. നോർവിച് കീപ്പർ ക്രുലിന്റെ വക ആയിരുന്നു സെൽഫ് ഗോൾ. പിന്നാലെ 22ആം മിനുട്ടിൽ ഗ്രീലിഷ് തന്റെ ആദ്യ ഗോൾ നേടി. ജീസുസിന്റെ ക്രോസിൽ നിന്ന് ഗ്രീലിഷ് പോലും അറിയാതെ ആയിരുന്നു ഗ്രീലിഷിന്റെ ഗോൾ. രണ്ടാം പകുതിയിൽ സെന്റർ ബാക്ക് ലപോർടെ സിറ്റിയുടെ മൂന്ന ഗോൾ നേടി. 71ആം മിനുട്ടിൽ വീണ്ടും ഗബ്രിയേൽ ജീസുസ് ക്രിയേറ്റർ ആയപ്പോൾ സ്റ്റെർലിംഗ് ഫിനിഷർ ആയി. ഇതോടെ സ്കോർ 4-0 എന്നായി. പിന്നാലെ സബ്ബായി എത്തിയ മെഹ്റസും സിറ്റിക്കായി ഗോൾ നേടി.
കഴിഞ്ഞ മത്സരത്തിൽ സ്പർസിനോട് ഏറ്റ പരാജയം മറക്കാൻ ഈ വിജയത്തോടെ സിറ്റിക്ക് ആകും.