രണ്ടാം പകുതിയിൽ ഭൂരിഭാഗം സമയവും പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും ആദ്യ പകുതിയിൽ നേടിയ ഒരു ഗോളിന്റെ ബലത്തിൽ വിജയം നേടി നിർണായമായ മൂന്ന് പോയിന്റ് നേടി ഗോകുലം കേരള. കോഴിക്കോട് വെച്ചു നടന്ന മത്സരത്തിൽ കെങ്ക്രെയാണ് ഗോകുലം വീഴ്ത്തിയത്. മുന്നേറ്റ താരം സെർജിയോ മെന്റിയാണ് മത്സരത്തിലെ നിർണായക ഗോൾ കണ്ടെത്തിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ശ്രീനിധിയുമായുള്ള അകലം നാലാക്കി കുറക്കാനും ഒരു മത്സരം കുറച്ചു കളിച്ച ഗോകുലത്തിനായി. കെങ്ക്രെ പതിനൊന്നാമതാണ്.
ഗോകുലത്തിന്റെ അക്രമണങ്ങളിലൂടെ തന്നെ ആയിരുന്നു മത്സരം ആരംഭിച്ചത്. വിങ്ങുകളിലൂടെ നീക്കങ്ങൾ കോർത്തെടുത്ത ഗോകുലത്തിന് പക്ഷെ എതിർ പോസ്റ്റിന് മുന്നിൽ പലപ്പോഴും പിഴച്ചു. ഇരുപത്തിയഞ്ചാം മിനിറ്റിൽ സെർജിയോ മെന്റിയുടെ ഗോൾ എത്തി. വികാസിന്റെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്താണ് സ്പാനിഷ് താരം വല കുലുക്കിയത്. പിന്നീട് കെങ്ക്രെ ആയിരുന്നു കൂടുതൽ നീക്കങ്ങൾ നടത്തിയത്. ഇഞ്ചുറി ടൈമിൽ ശ്രീകുട്ടന്റെ ക്രോസിൽ രണ്ടാം ഗോൾ നേടാനുള്ള സുവർണാവസരം മെന്റി കളഞ്ഞു കുളിച്ചു.
രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ ഒട്ടാരയുടെ നീക്കത്തിൽ രഞ്ജീത് തൊടുത്ത ഷോട്ട് ഷിബിൻ രാജ് തടുത്തു. പിന്നീട് കെങ്ക്രെ ഇടതടവില്ലാതെ ആക്രമണങ്ങൾ അഴിച്ചു വിട്ടു. അൻപത്തിയാറാം മിനിറ്റിൽ രാഹുൽ രാജു ചുവപ്പ് കാർഡ് കണ്ടു പുറത്തു പോവുക കൂടി ചെയ്തതോടെ ഗോകുലം വീണ്ടും ബാക്ഫൂട്ടിലായി ഒട്ടാരയുടെ ശ്രമവും സമന്തറിന്റെ ലോങ് റേഞ്ച് ശ്രമവും ലക്ഷ്യത്തിൽ എത്തിയില്ല. എങ്കിലും ഗോൾ വഴങ്ങാതിരിക്കാൻ ഗോകുലത്തിനായതോടെ മത്സരം കൈപ്പിടിയിൽ ഒതുക്കാൻ ആതിഥേയർക്കായി.