ഗോവയില്‍ നടക്കുന്ന AWES കപ്പ് രണ്ടാം പതിപ്പില്‍ പങ്കെടുക്കുവാനായി ഐലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സി ഗോവയിലേക്ക് യാത്രയാകുന്നു. തലസ്ഥാന നഗരിയായി തിരുവനന്തപുരത്ത് കുറച്ചാഴ്ചകളായി നടന്നു വരുന്ന പ്രീ-സീസണ്‍ കണ്ടീഷനിംഗ് ക്യാമ്പുകള്‍ക്ക് ശേഷം ഇവിടെ നിന്ന് തന്നെ ഗോവയിലേക്ക് ടീം യാത്രയാകും. 2017ല്‍ ടൂര്‍ണ്ണമെന്റിന്റെ റണ്ണേഴ്സ് അപ്പായിരുന്നു ഗോകുലം.
അന്ന് ഫൈനലില്‍ ഗോവന്‍ വമ്പന്മാരായ ഡെംപോ ഗോവയോട് പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഗോകുലം അടിയറവ് പറഞ്ഞത്. ഈ വര്‍ഷം കപ്പെന്ന ലക്ഷ്യവുമായാവും ഗോകലും ഗോവയിലേക്ക് വണ്ടി കയറുന്നത്. ഒഎന്‍ജിസി, സ്പോര്‍ട്ടിംഗ് ക്ലബ് ഡി ഗോവ, സെസ എഫ്എ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഗോകുലം മത്സരിക്കാനിറങ്ങുന്നത്.
അര്‍ജന്റീനക്കാരനായ കോച്ച് ഫെര്‍ണാണ്ടോ സാന്റിയാഗോ വരേലയുടെ കീഴിലാണ് ടൂര്‍ണ്ണമെന്റില്‍ ഗോകുലം കേരള എഫ് സി ഇറങ്ങുന്നത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ടീമുകള്‍ക്കെതിരെ മാറ്റുരയ്ക്കാന്‍ ലഭിയ്ക്കുന്ന അവസരത്തില്‍ നിന്ന് ടീമിനു ഏറെ മെച്ചപ്പെടാനാകുമെന്നും കോച്ച് അഭിപ്രായപ്പെട്ടു. മൂന്ന് നാലാഴ്ചത്തെ പരിശീലനത്തിന്റെ മികവില്‍ ടൂര്‍ണ്ണമെന്റില്‍ മെച്ചപ്പെട്ട പ്രകടനം ടീമിനു സാധിക്കുമെന്നും കോച്ച് പ്രത്യാശ പ്രകടിപ്പിച്ചു. ടൂര്‍ണ്ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും വരേല പറഞ്ഞു. വരുന്ന സീസണിനു തങ്ങള്‍ എത്ര മാത്രം തയ്യാറാണെന്നതിന്റെ യഥാര്‍ത്ഥ ചിത്രം ഈ ടൂര്‍ണ്ണമെന്റിനു ശേഷം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ്ജും ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം മെച്ചപ്പെടുത്തുക എന്നത് തന്നെയാണ് ലക്ഷ്യം. മികച്ച പ്രാദേശിക പ്രതിഭകള്‍ അടങ്ങിയ സംഘമാണ് ഗോകുലം അവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കുവാനുള്ള അവസരമാണ് AWES കപ്പ്. കഴിഞ്ഞ തവണ തലനാരിഴ്ക്ക് നഷ്ടപ്പെട്ട ട്രോഫി തിരിച്ചുപിടിക്കുക എന്നത് തന്നെയാണ് ഇപ്പോളത്തെ ലക്ഷ്യമെന്നും ബിനോ ജോര്‍ജ്ജ് പറഞ്ഞു.
സെപ്റ്റംബര്‍ ഒന്നിനു ഒഎന്‍ജിസിയുമായി കളിച്ച് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്ന ഗോകുലത്തിന്റെ അടുത്ത മത്സരങ്ങള്‍ സെപ്റ്റംബര്‍ 5(സ്പോര്‍ട്ടിംഗ് ക്ലബ് ഡി ഗോവ), സെപ്റ്റംബര്‍ 7 തീയ്യതികളിലാണ്(സെസ ഗോവ)