ഗോകുലം കേരളാ എഫ്.സി 2021-2022 സീസണിലേക്കുള്ള കിറ്റ് അവതരിപ്പിച്ചു
കോഴിക്കോട്: ഗോകുലം കേരളാ എഫ്.സി 2021-22 സീസണുകളിലെ മത്സരങ്ങള്‍ക്കുള്ള കിറ്റുകള്‍ പുറത്തിറക്കി. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരളാ എഫ്.സി ഒരു സുപ്രധാന സീസണിന് വേണ്ടിയാണ് ഇത്തവണ ഒരുങ്ങുന്നത്. പുരുഷ ടീം ഡുറണ്ട് കപ്പ്, ഐ ലീഗ്, എ.എഫ്.സി കപ്പ് എന്നിവയിലും വനിതാ ടീം നവംബറില്‍ നടക്കുന്ന 2021 എ.എഫ്.സി വനിതാ ക്ലബ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യന്‍ വനിതാ ലീഗിലും മത്സരിക്കും. ഇന്ത്യന്‍ വനിതാ ലീഗിലെ നിലവിലെ ചാംപ്യന്മാരാണ് ഗോകുലം. ടീമിന്റെ കിറ്റില്‍ അടയാളപ്പെടുത്തിയിരിക്കുന്ന നാല് നക്ഷത്രങ്ങള്‍ ഡുറണ്ട് കപ്പ്, ഐ ലീഗ്, ഇന്ത്യന്‍ വനിതാ ലീഗ്, കേരളാ പ്രീമിയര്‍ ലീഗില്‍ ക്ലബ് നേടിയ നാല് കിരീട വിജയങ്ങളെയാണ് സൂചിപ്പിക്കുന്നത്. കിറ്റിലെ നാല് കോണുകളിലുള്ള പാറ്റേണുകള്‍ ഗോകുലം എല്ലാ ടീമുകള്‍ക്കും (പുരുഷ, വനിതാ, അക്കാദമി, ഡെവലപ്‌മെന്റ്) ഒരേ പ്രാധാന്യം നല്‍കിയെന്നാണ് കാണിക്കുന്നത്. പച്ച നിറത്തില്‍ പുറത്തിറക്കിയ എവേ കിറ്റ് ക്ലബ് വനിതാ ഫുട്‌ബോളിന് നല്‍കുന്ന പ്രധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു. എവേ കിറ്റ് വനിതാ ഫുട്‌ബോളിന് വേണ്ടി സമര്‍പ്പിച്ചു. വനിതാ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്ത് വനിതാ ഗെയിമുകള്‍ വികസിപ്പിക്കേണ്ട ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതുമാണ് പുരുഷ വനിതാ ടീമിന്റെ പരിശീലന കിറ്റിലൂടെ ഗോകുലം നല്‍കുന്ന സന്ദേശം. രാജ്യത്തെ ഉന്നതനിലവാരമുള്ള ക്ലബ് ആയി മാറുകയെന്നതാണ് ഗോകുലം കേരളാ എഫ്.സിയുടെ ലക്ഷ്യം. അതിന് പുരുഷ, വനിതാ ടീമുകള്‍ക്ക് ഒരേ പ്രധാന്യമാണ് ക്ലബ് നല്‍കുന്നത്. എ.എഫ്.സി വനിതാ ക്ലബ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന രാജ്യത്തെ ആദ്യ ക്ലബാണ് ഗോകുലം. എവേ കിറ്റ് വനിതാ ഫുട്‌ബോളിന് വേണ്ടി സമര്‍പ്പിച്ചു. കഴിഞ്ഞ സീസണിലെ പോലെ തന്നെ ഈ സീസണിലും പുരുഷ, വനിതാ ടീമുകള്‍ക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കുമെന്നാണാണ് ക്ലബിന്റെ പ്രതീക്ഷ. അതിന് വേണ്ടി കഠിന പ്രയത്‌നം നടത്തുമെന്നും ക്ലബ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.
1987ല്‍ കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന നെഹ്‌റു കപ്പിനിടെ എടുത്ത ഐക്കണിക്ക് ഫോട്ടോയാണ് ഗോകുലത്തിന്റെ ജേഴ്‌സിയില്‍ ഉപയോഗിച്ച മുദ്ര. അന്ന് മത്സരം വീക്ഷിക്കാന്‍ ഗാലറിയില്‍ തടിച്ചുകൂടിയ വനിതകളുടെ പടമാണ് ജേഴ്‌സിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ ഫോട്ടോ മാധ്യമ പ്രവര്‍ത്തകന്‍ അലി കോവൂറിന്റെ ഈ ചിത്രം അന്നും മലബാര്‍ മേഖലയില്‍ കായിക രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.