ഗോകുലം കേരളക്ക് ഐ ലീഗിൽ അപ്രതീക്ഷിത പരാജയം. ഐ ലീഗ് കിരീടം നേടാൻ ഒരു പോയിന്റ് മാത്രം വേണ്ടിയിരുന്ന ഗോകുലം കേരള ഇന്ന് ശ്രീനിധി ഡെക്കാനോട് ആണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ശ്രീനിധി ഇന്ന് വിജയിച്ചത്. ഈ സീസണിൽ ഗോകുലം കേരള ഇതാദ്യമായാണ് പരാജയപ്പെടുന്നത്. ഇന്ന് ആദ്യ പകുതിയിൽ മുൻ ഗോകുലം കേരള താരം ലാൽറോമാവിയ നേടിയ ഹാട്രിക്ക് ആണ് ശ്രീനിധിക്ക് കരുത്ത് നൽകിയത്.
19ആം മിനുട്ടിലായിരുന്നു ലാൽറൊമാവിയയുടെ ആദ്യ ഗോൾ. പിന്നാലെ 33ആം മിനുട്ടിലും 37ആം മിനുട്ടിൽ ലാൽറൊമാവുയ വീണ്ടും ഗോകുലം കേരള ഡിഫൻസിനെ കീഴ്പ്പെടുത്തി. ഇതോടെ ഗോകുലം കേരള ആദ്യ പകുതിയിൽ 3 ഗോളുകൾക്ക് പിറകിൽ പോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഫ്രീകിക്കിൽ നിന്ന് ക്യാപ്റ്റൻ ഷെറ്റ്ഫ് മുഹമ്മദ് ഗോകുലത്തിനായി ഒരു ഗോൾ മടക്കി. ഈ ഗോൾ ഗോകുലത്തിന് പ്രതീക്ഷ നൽകി എങ്കിലും 54ആം മിനുട്ടിൽ ഷെറീഫ് രണ്ട് മഞ്ഞ കാർഡ് വാങ്ങി കളത്തിന് പുറത്തേക്ക് പോയത് ഗോകുലത്തിന് തിരിച്ചടിയായി. പത്തുപേരുമായി ഗോകുലം പൊരുതി നോക്കി. 88ആം മിനുട്ടിൽ റൊണാൾഡോ ഫ്ലച്ചറിന്റെ ഷോട്ട് ഗോൾ കീപ്പർ സേവ് ചെയ്തു എങ്കിലും സൗരവ് റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. പക്ഷെ അത് ഓഫ്സൈഡ് വിളിച്ചത് ഗോകുലത്തിന് തിരിച്ചടിയായി.
ഇപ്പോഴും ഗോകുലം കേരള 40 പോയിന്റുമായി ഒന്നാമത് ആണ് ഉള്ളത്. എങ്കിലും അടുത്ത മത്സരത്തിൽ മൊഹമ്മദൻസിനോട് പരാജയപ്പെട്ടാൽ ഗോകുലത്തിന് കിരീടം നഷ്ടമാകും. മൊഹമ്മദൻസിന് ഇപ്പോൾ 37 പോയിന്റാണ് ഉള്ളത്. ഇനി ലീഗിൽ ആകെ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.