ഐ ലീഗിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും സമനില വഴങ്ങി ഗോകുലം കേരള. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ്.യെ ആണ് ഗോകുലം കേരള അവരുടെ ഗ്രൗണ്ടിൽ 1-1ന് സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്നതിനു ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്. നേരത്തെ മോഹൻ ബഗാനെതിരെയുള്ള ആദ്യ ഐ ഇലേക്ക് മത്സരത്തിലും ഗോകുലം സമനില പിടിച്ചിരുന്നു.
കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളുമായാണ് ഗോകുലം ഇന്ന് ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന സൽമാനും അർജുൻ ജയരാജ് ഇല്ലാതെയാണ് ഗോകുലം ഇറങ്ങിയത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ രാജേഷ് ഇത്തവണ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ റാഷിദിന് പകരക്കാരനായി ഇറങ്ങിയ ബോഡോ ആണ് ഇഞ്ചുറി ടൈമിൽ ഗോകുലത്തിനു ലീഡ് നേടി കൊടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ ഊന്നി കളിച്ച ഗോകുലത്തിന് അത് തിരിച്ചടിയാവുകയായിരുന്നു. ഫെരേര ആണ് നേരൊക്കയുടെ സമനില ഗോൾ നേടിയത്.
അതെ സമയം മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജർമന് ഈ മത്സരത്തിലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ജർമന് പകരക്കാരനായി ഇറങ്ങിയ വി.പി സുഹൈർ മികച്ച പ്രകടനമാണ് നടത്തിയത്. സുഹൈറിന്റെ ശ്രമം നെരോക്ക ഗോൾ കീപ്പറുടെ മികച്ച രക്ഷപെടുത്തലുകൊണ്ടാണ് ഗോളാവാതെ പോയത്. മുൻ നേരൊക്ക താരം കൂടിയായ പ്രീതം ആയിരുന്നു ഗോകുലം നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഗോകുലത്തിന്റെ അടുത്ത മത്സരം അടുത്ത ഞായറാഴ്ച ചെന്നൈ സിറ്റിക്കെതിരെയാണ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.