ഐ ലീഗിലെ ആദ്യ ഘട്ടം ഒന്നാം സ്ഥാനത്ത് അവസാനിപ്പിക്കാം എന്ന ഗോകുലം കേരളയുടെ മോഹത്തിന് തിരിച്ചടി. ഇന്ന് നിർണായക മത്സരത്തിൽ ചർച്ച ബ്രദേഴ്സ് ഗോകുലം കേരളയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരം 3-2 എന്ന സ്കോറിനാണ് അവസാനിച്ചത്. ഗോകുലം കേരള ഒരു പെനാൾട്ടി നഷ്ടമാക്കിയതും 10 പേരുമായി 60 മിനിറ്റോളം കളിക്കേണ്ടി വന്നതും ഇന്നത്തെ പരാജയത്തിന് കാരണമായത്. ഹാട്രിക്കുമായി ലുക ചർച്ചിൽ ബ്രദേഴ്സിന്റെ വിജയശില്പിയായി.
26ആം മിനുറ്റിൽ ആണ് ലുക ചർച്ചിലിന് ലീഡ് നൽകിയത്. മുപ്പതാം മുനിട്ടിൽ ബരെറ്റോ ചുവപ്പ് കണ്ട് പുറത്തായതോടെ ഗോകുലം കേരള 10 പേരായി ചുരുങ്ങി. 45ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാൻ ഗോകുലം കേരളക്ക് അവസരം വന്നു എങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ പെനാൾട്ടി എടുത്ത അഡ്ജയ്ക്ക് ആയില്ല.
രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ലുക ചർച്ചിലിന്റെ ലീഡ് ഇരട്ടിയാക്കി. 80ആം മിനുട്ടിലെ അഡ്ജയുടെ ഗോൾ ഗോകുലത്തിന് പ്രതീക്ഷ നൽകി എങ്കിലും 87ആം മിനുട്ടിൽ വീണ്ടും ലുക വലകുലുക്കി. ഇത്തവണ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ലുകയുടെ ഗോൾ. ലുകയുടെ ഹാട്രിക്കോടെ ചർച്ചിൽ 3-1ന് മുന്നിൽ എത്തി. ഇഞ്ച്വറി ടൈമിൽ ജിതിൻ മനോഹരമായ ഗോളിലൂടെ ഗോകുലത്തിന് വീണൂം പ്രതീക്ഷ നൽകി. അവസാന വിസിൽ വരെ ഗോകുലം പൊരുതി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.
ഈ വിജയത്തോടെ 22 പോയിന്റുമായി ചർച്ചിൽ ലീഗിലെ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 16 പോയിന്റുള്ള ഗോകുലം കേരള അഞ്ചാം സ്ഥാനത്താണ്. ഇനി കിരീടത്തിനായി ആദ്യ ആറു സ്ഥാനങ്ങളിൽ ഉള്ളവർ ഒരു തവണ കൂടെ ഏറ്റുമുട്ടും.