മാപ്പ്!!! ഗോകുലം കേരളയോട് മാപ്പ് പറഞ്ഞ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ

Newsroom

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനു മേലുള്ള വിലക്ക് ഇന്നലെ ഫിഫ പിൻവലിച്ചിരുന്നു‌. വിലക്ക് രണ്ടാഴ്ചയിൽ താഴെ മാത്രമെ നീണ്ടു നിന്നുള്ളൂ. ഇന്ത്യൻ ഫുട്ബോൾ കൂടുതൽ പ്രതിസന്ധിയിൽ ആകും മുമ്പ് വിലക്ക് മാറ്റാൻ എ ഐ എഫ് എഫിന് ആയി എങ്കിലും ഈ വിലക്ക് കൊണ്ട് മുറിവേറ്റത് ഗോകുലം കേരളക്ക് ആയിരുന്നു. അവർ ഏഷ്യൻ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ ആയി ഉസ്ബെകിസ്താനിൽ എത്തിയപ്പോൾ ആയിരുന്നു ഇന്ത്യക്ക് വിലക്ക് വന്നത്.

ഗോകുലം കേരള

തുടർന്ന് ഒരു കളി പോലും കളിക്കാൻ ആവാതെ ഗോകുലം ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇപ്പോൾ വിലക്ക് മാറിയതിനു പിന്നാലെ എ ഐ എഫ് എഫ് ഗോകുലം കേരളയോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. വിലക്ക് ഉണ്ടായിരുന്ന ഈ 11 ദിവസത്തെ ഏറ്റവും വലിയ നഷ്ടം ഗോകുലത്തിന് ആണെന്ന് എ ഐ എഫ് എഫ് എഫ് പരസ്യ പ്രസ്താവനയിൽ പറഞ്ഞു. ഗോകുലത്തോട് മാപ്പ് പറയുന്നു എന്നു ഗോകുലത്തിന്റെ താരങ്ങൾ അനുഭവിച്ച വേദന മനസ്സിലാക്കുന്നു എന്നും എ ഐ എഫ് എഫ് പറഞ്ഞു.

ക്ലബിലെ എല്ലാവരും കരുത്തരായി നിൽക്കണം എന്നും ഈ സാഹചര്യങ്ങൾ മറികടന്ന് ഗോകുലം കേരള തിരികെ ഉയരങ്ങളിൽ എത്തും എന്ന് ഉറപ്പുണ്ട് എന്നും എ ഐ എഫ് എഫ് പറഞ്ഞു.