വീണ്ടും ഗോളുമായി എമിൽ ബെന്നി, ആരോസിന്റെ വലയും നിറച്ച് ഗോകുലം കേരള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ശ്രമിക്കുന്ന ഗോകുലം കേരളക്ക് മറ്റൊരു വിജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിന്റെ യുവനിരയെ ആണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഗോകുലം കേരളയുടെ വിജയം. മലയാളി യുവതാരം എമിൽ ബെന്നി തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളുമായി തിളങ്ങുന്നത് കാണാൻ ഇന്നായി.

രണ്ടാം പകുതിയിൽ ആയിരുന്നു കളിയിലെ എല്ലാ ഗോളുകളും വന്നത്. ആദ്യ പകുതിയിൽ തന്നെ ലീഡ് എടുക്കാൻ ഗോകുലം കേരളക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ കിട്ടിയ പെനാൾട്ടി ഷെരിഫ് നഷ്ടപ്പെടുത്തുക ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെയാണ് എമി ബെന്നി ഗോൾ നേടിയത്. ലീഗിലെ എമിലിന്റെ രണ്ടാം ഗോളാണിത്. 47ആം മിനുട്ടിൽ ആയിരുന്നു എമിലിന്റെ ഗോൾ.

ഈ ഗോൾ പിറന്ന് മൂന്ന് മിനുട്ടുകൾക്ക് അകം ഗോകുലം കേരളക്ക് മത്സരത്തിലെ രണ്ടാം പെനാൾട്ടി ലഭിച്ചു. ഇത്തവണ ആന്റ്വി ആണ് കിക്ക് എടുത്തത്. താരം അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. 78ആം മിനുട്ടിൽ ആയിരുന്നു മൂന്നാം ഗോൾ വന്നത്. ലാൽറംമാവിയ ആയിരുന്നു സ്കോറർ. 94ആം മിനുട്ടിൽ റൊണാൾഡ് സിങ് നാലാം ഗോളൂം നേടി ഗോൾ പട്ടിക പൂർത്തിയാക്കി… ഗോകുലം കേരള നേടുന്ന 17ആം ഗോളാണിത്. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമാണ് ഗോകുലം കേരള.

ഈ വിജയത്തോടെ ഗോകുലം കേരളക്ക് 8 മത്സരങ്ങളിൽ 13 പോയിന്റായി. 16 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സ് ആണ് ഒന്നാമത് ഉള്ളത്. ഇനി ഗോകുലം കേരളയും ചർച്ചിലുമായുള്ള മത്സരം ബാക്കിയുണ്ട്. ഇനി ലീഗിന്റെ ആദ്യ ഘട്ടത്തിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാൽ ഗോകുലം കേരളയ്ക്ക് ലീഗിൽ ഒന്നാമതായി ഫിനിഷ് ചെയ്യാൻ ആകും.