ഗോകുലം കേരള ക്ലബിന് ഐ ലീഗ് കിരീടം ഒരു വിജയം മാത്രം അകലെ. ചരിത്രത്തിൽ ഒരു കേരള ടീമിനും സാധിച്ചിട്ടില്ലാത്ത ആ അപൂർവ്വ നേട്ടത്തിന് അടുത്ത് എത്തിയിരിക്കുകയാണ് കേരളത്തിന്റെ പ്രിയ ക്ലബ് ഗോകുലം കേരള. കേരളത്തിലേക്ക് ഐ ലീഗ് കിരീടം കൊണ്ടു വരുന്ന ആദ്യ ക്ലബായി മാറുന്നതിന് തൊട്ടടുത്ത്. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മൊഹമദൻസിനെ പരാജയപ്പെടുത്തിയതോടെ ഗോകുലം കേരള ലീഗിൽ ഒന്നാം സ്ഥാനത്തേക്കാണ് മുന്നേറിയത്.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലം കേരളയുടെ ഇന്നത്തെ വിജയം. മിന്നുന്ന ഫോമിലുള്ള ആന്റ്വിയുടെ ഇരട്ട ഗോളുകൾ ഗോകുലം കേരളയുടെ വിജയം എളുപ്പമാക്കി. അറ്റാക്ക് ചെയ്തു തന്നെ തുടങ്ങിയ ഗോകുലം കേരള ഇന്ന് 19ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. തനിക്ക് ലഭിച്ച പന്ത് നെഞ്ചു കൊണ്ട് നിയന്ത്രണത്തിലാക്കി ഒരു മനോഹരമായ വോളിയിലൂടെ ആന്റ്വി വലയിൽ എത്തിക്കുക ആയിരുന്നു. ആ ഗോളിൽ ആന്റ്വി നിർത്തിയില്ല. 33ആം മിനുട്ടിൽ വീണ്ടും ആന്റ്വിയുടെ ഗോൾ വന്നു.
ഇത്തവണ വളരെ ടൈറ്റായ ആങ്കിളിൽ നിന്നായിരുന്നു ആന്റ്വിയുടെ ഫിനിഷ്. രണ്ടു ഷോട്ടും നോക്കി നിൽക്കാനെ മൊഹമ്മദൻസിന്റെ കീപ്പറായ പ്രിയന്തിനു കഴിഞ്ഞുള്ളൂ. ഗോകുലം കേരളയുടെ രണ്ടു ഗോൾ ലീഡ് 84ആം മിനുട്ട് വരെ നീണ്ടു നിന്നു. 84ആം മിനുട്ടിൽ ഒരു ഗോൾ മടക്കാൻ മൊഹമ്മദൻസിനായി. ഒരു ഫ്രീകിക്ക് നിന്ന് ഫ്ലിക്ക് ഹെഡറിലൂടെ സുജിത് സദു ആണ് ഗോൾ നേടിയത്. ഈ ഗോൾ ഗോകുലം കേരളയെ അവസാന നിമിഷങ്ങളിൽ വലിയ സമ്മർദ്ദത്തിലാക്കി. എങ്കിലും അവർക്ക് മൂന്ന് പോയിന്റ് ഉറപ്പിക്കാൻ ആയി.
ഈ വിജയം ഗോകുലം കേരളയെ ലീഗിൽ ഒന്നാമത് നിർത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ ട്രാവുവും ചർച്ചിൽ ബ്രദേഴ്സും സമനിലയിൽ പിരിഞ്ഞതാണ് ഗോകുലത്തിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴി തെളിച്ചത്. ഗോകുലത്തിനും ചർച്ചിലിനും ട്രാവുവിനും 26 പോയിന്റ് വീതവുമാണ് ഇപ്പോൾ ഉള്ളത്. അവസാന മത്സരത്തിൽ ഗോകുലം കേരളയും ട്രാവുവുമാണ് ഏറ്റുമുട്ടേണ്ടത്. അതുകൊണ്ട് ആ മത്സരം വിജയിച്ചാൽ ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലേക്ക് എത്തുന്നത് കാണാൻ ആകും. ചർച്ചിൽ അവസാന മത്സരത്തിൽ പഞ്ചാബ് എഫ് സിയെ ആണ് നേരിടേണ്ടത്.