ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള എഫ് സി ഇന്ന് കിരീടം തേടി ഇറങ്ങും. ഇന്ന് ബെംഗളൂരുവിൽ നടക്കുന്ന ഫൈനലിൽ ക്രിപ്സയെ ആണ് ഗോകുലം നേരിടുക. ദേശീയ ലീഗ് കിരീടം കേരളത്തിലേക്ക് എത്തിക്കുന്നത് ആദ്യ ടീമായി ഗോകുലം വനിതകൾക്ക് ഇന്ന് മാറാം. ഇതുവരെ ഒരു കേരള ക്ലബിന്റെയും പുരുഷ ടീമിനോ വനിതാ ടീമിനോ ദേശീയ ലീഗ് കിരീടം നേടാൻ ആയിട്ടില്ല. ആ കാത്തിരിപ്പിന് അവസാനം ഉണ്ടാക്കാൻ ഗോകുലം വനിതകൾക്ക് ഇന്ന് ആകും.
സെമി ഫൈനലിൽ മുൻ ചാമ്പ്യന്മാരായ സേതു എഫ് സിയെ തോൽപ്പിച്ച് ആണ് ഗോകുലം കേരള ഫൈനലിലേക്ക് എത്തിയത്. ടൂർണമെന്റിൽ ഉടനീളം ആധിപത്യം പുലർത്തിയാണ് ഗോകുലം ഫൈനൽ വരെ എത്തിയത്. കളിച്ച എല്ലാ മത്സരവും ഗോകുലം വിജയിച്ചു. ക്രിപ്സയും കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഫൈനലിൽ എത്തിയത്.
17 ഗോളുകൾ അടിച്ച് ടൂർണമെന്റിൽ ടോപ്പ് സ്കോറർ ആയി നിൽക്കുന്ന നേപ്പാൾ താരം സബിത്രയിൽ തന്നെയാകും ഗോകുലത്തിന്റെ ഇന്നത്തെ പ്രതീക്ഷ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫൈനൽ നടക്കുക.