ഐസാളിനെ തോൽപ്പിച്ച് ഗോകുലം കേരള മൊഹമ്മദൻസിന് ഒരു പോയിന്റ് മാത്രം പിറകിൽ

ഐ ലീഗിൽ ഒരു ചെറിയ ഇടവേളക്ക് ശേഷം ഗോകുലം കേരള വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് ഐസാളിനെ നേരിട്ട ഗോകുലം കേരള ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. ഇന്ന് മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ റൊണാൾഡ് സിങിലൂടെ ഗോകുലം പന്ത് വലയിൽ എത്തിച്ചു എങ്കിലും ഓഫ്സൈഡ് വിളിച്ചു. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.
Dsc 4643 (1)d
രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ലൂകയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിയും മടങ്ങി. 63ആം മിനുട്ടിൽ ഗോകുലം കേരള ലീഡ് എടുത്തു. ശ്രീകുട്ടന്റെ പോസ്റ്റ് ഷോട്ടിൽ തട്ടി മടങ്ങുമ്പോൾ ഫ്ലച്ചർ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഇതിനു ശേഷം 89ആം മിനുട്ടിൽ വീണ്ടും ഗോളടിച്ച് കൊണ്ട് ഫ്ലച്ചർ വിജയം ഉറപ്പിച്ചു. ഈ ഗോളിന് പിന്നാലെ ആയുഷ് ഛേത്രി ഐസാളിനായി ഒരു ഗോൾ മടക്കി.

ഈ വിജയം ഗോകുലത്തെ 8 മത്സരങ്ങളിൽ 18 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിർത്തുന്നു. 19 പോയിന്റുമായി മൊഹമ്മദൻസ് ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.