രണ്ടാം ദിവസം ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും, ഇറ്റലിയ്ക്കും ന്യൂസിലാണ്ടിനും ജയം

- Advertisement -

ഹോക്കി ലോക കപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാല് മത്സരങ്ങളിലായി പിറന്നത് 18 ഗോളുകള്‍. ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇറ്റലിയും ന്യൂസിലാണ്ടും രണ്ടാം ദിവസത്തെ മറ്റു മത്സരങ്ങളില്‍ വിജയികളായി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പൂള്‍ എ മത്സരത്തില്‍ ഇറ്റലി 3-0 എന്ന സ്കോറിനാണ് ചൈനയെ കീഴടക്കിയത്. വാലെന്റീന ബ്രാകോണി, ലാറ ഒവീഡോ, ഗിയിലിയാന റുഗ്ഗേരി എന്നിവരാണ് ഇറ്റലിയുടെ ഗോള്‍ സ്കോറര്‍മാര്‍.

രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ മൂന്നാം മിനുട്ടില്‍ സ്പെയിന്‍ ഗോള്‍ നേടി ഞെട്ടിച്ചുവെങ്കിലും പിന്നീട് ആറ് ഗോളുകള്‍ മടക്കി അര്‍ജന്റീന തങ്ങളുടെ കേളി മികവ് പുറത്തെടുക്കുകയായിരുന്നു. 6-2 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ ജയം. മരിയ ഒറിട്സ്(2), ജൂലിയറ്റ ജന്‍കുനാസ്, റോക്കിയോ സാഞ്ചെസ്, നോയല്‍ ബാരിയോനൂവോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്കോറര്‍മാര്‍. സ്പെയിനിനായി കരോള സാലവറ്റേല, ബീറ്റ്റിസ് പെരേസ് എന്നിവര്‍ ഗോള്‍ നേടി.

കൊറിയയെ ഗോളില്‍ മുക്കിയാണ് നെതര്‍ലാണ്ട്സ് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വരവറിയിച്ചത്. ഏകപക്ഷീയമായ 7 ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍ തുടങ്ങിയ ഗോളടി ആദ്യ പകുതിയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ നെതര്‍ലാണ്ട്സിനു കഴിയാതെ വന്നപ്പോള്‍ കൊറിയ വാങ്ങിയ ഗോളുകളുടെ എണ്ണം ഏഴില്‍ ഒതുങ്ങി. നെതര്‍ലാണ്ട്സിനായി കിറ്റി വാന്‍ മെയ്‍ല്‍(2), ഫ്രെഡ്രിക് മാട്‍ല(2), കെല്ലി ജോങ്കര്‍, ലൗറിന്‍ ലിയൂറിങ്ക്, ലിഡ്വിഡ് വാള്‍ട്ടെന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

ആവേശകരമായ മത്സരത്തില്‍ പിന്നില്‍ പോയ ശേഷമാണ് ന്യൂസിലാണ്ട് മത്സരത്തിലേക്ക് തിരികെ എത്തിയത്. മത്സരത്തിന്റെ 24ാം മിനുട്ടില്‍ ന്യൂസിലാണ്ട് ലീഡ് നേടിയെങ്കിലും തുടരെ രണ്ട് ഗോളുകള്‍ സ്വന്തമാക്കി 2-1 നു ബെല്‍ജിയം ആദ്യ പകുതി അവസാനിച്ചപ്പോള്‍ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ മടക്കി ന്യൂസിലാണ്ട് 4-2നു മത്സരം സ്വന്തമാക്കി. ന്യൂസിലാണ്ടിനു വേണ്ടി ഒലീവിയ മെറി രണ്ടും കെല്‍സേ സ്മിത്ത്, ഷിലോഹ് ഗ്ലോയന്‍ എന്നിവര്‍ ഓരോ ഗോളും നേടി. ലൗസി വെര്‍സാവേല്‍, ജില്‍ ബൂണ്‍ എന്നിവരാണ് ബെല്‍ജിയം സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement