മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഉടമകൾ നന്നാവില്ല എന്ന് ഉറപ്പായതോടെ പ്രതിഷേധങ്ങൾ കടുപ്പിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ. ഗ്യാലറിയിൽ നിന്ന് ഇറങ്ങിപ്പോയി കൊണ്ട് പ്രതിഷേധിക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി തുടക്കത്തിൽ വോൾവ്സിനെതിരായ ഹോം മത്സരത്തിൽ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇത്തരത്തിൽ പ്രതിഷേധിക്കുക.
മത്സരത്തിൽ ടിക്കറ്റ് എടുത്ത് കയറിയ ശേഷം കളിയുടെ 58ആം മിനുട്ടിൽ മുഴുവൻ ആരാധകരും സ്റ്റേഡിയം വിടുന്ന രീതിയിൽ ആകും പ്രതിഷേധം. ക്ലബിന്റെ ഈ അവസ്ഥയ്ക്ക് കാരണം ക്ലബ് ഉടമകൾ ആണെന്നും പുതിയ താരങ്ങളെ സൈൻ ചെയ്യാൻ പോലും യുണൈറ്റഡ് തയ്യാറാകുന്നില്ല എന്നതുമാണ് ആരാധകരെ രോഷാകുലരാക്കിയിരിക്കുന്നത്. അമേരിക്കൻ വ്യവസായികളായ ഗ്ലേസേഴ്സ് കുടുംബം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ഉടമകൾ.
മുമ്പ് എ സി മിലാൻ ആരാധകർ ഇത്തരത്തിൽ സ്റ്റേഡിയം കാലിയാക്കി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.