ഇംഗ്ലീഷ് യുവതാരം കോണർ ഗാലഹർ എന്ന ടാലന്റിന്റെ മികവിൽ ക്രിസ്റ്റൽ പാലസിന് ഗംഭീര വിജയം. ഇന്ന് എവർട്ടണെ നേരിട്ട വിയേരയുടെ പാലസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ചെൽസിയിൽ നിന്ന് ലോണിൽ പാലസിൽ കളിക്കുന്ന 20കാരനായ ഗാലഹർ ഇന്ന് ഇരട്ട ഗോളുകളുമായി പാലസിന്റെ വിജയ ശില്പി ആയി. താരം നേടിയ രണ്ടാം ഗോൾ ഈ സീസണിൽ പ്രീമിയർ ലീഗ് കണ്ട മികച്ച ഗോളുകളിൽ ഒന്നാണ്. 27 വർഷത്തിനു ശേഷമാണ് ഹോം ഗ്രൗണ്ടിൽ പാലസ് എവർട്ടണെ തോൽപ്പിക്കുന്നത്.
41ആം മിനുട്ടിൽ ആയിരുന്നു ഗാലഹർ ഇന്ന് പാലസിന് ലീഡ് നൽകിയത്. ജോർദൻ അയുവിന്റെ പാസിൽ നിന്നായിരുന്നു ഫിനിഷ്. പിന്നീട് 62ആം മിനുട്ടിൽ ടോംകിൻസിന്റെ ഗോൾ പാലസിന്റെ ലീഡ് ഇരട്ടിയാക്കി. 70ആം മിനുട്ടിൽ സബ്ബായി എത്തിയ റോണ്ടൻ ഒരു ഗോൾ മടക്കിയപ്പോൾ എവർട്ടണ് ചെറിയ പ്രതീക്ഷ ലഭിച്ചു. എവർട്ടൺ സമനിലക്കായി പൊരുതി കൊണ്ടിരിക്കെ ആണ് അവസാനം ഗാലഹറിന്റെ ഫിനിഷ് വന്നത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നൊരു കേർലിംഗ് ഫിനിഷ് പാലസിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു. താരത്തിന്റെ സീസണിലെ ആറാം ലീഗ് ഗോളായിരുന്നു ഇത്.
ഈ വിജയത്തോടെ പാലസ് 12ആം സ്ഥാനത്തേക്ക് മുന്നേറി. എവർട്ടൺ 14ആം സ്ഥാനത്താണ് ഉള്ളത്.