ഫ്രഞ്ച് ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് ആയ സോഫിയ കെനിൻ. നാലാം സീഡ് ആയ അമേരിക്കൻ താരം ആയ കെനിൻ ഡാനിയല്ല റോസ് കോളിൻസിനെ 3 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണ് സെമിഫൈനൽ ഉറപ്പിച്ചത്. ഈ വർഷത്തെ രണ്ടാം ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന കെനിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ ആണ് ഇത്. 4 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ കെനിൻ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 8 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ കോളിൻസിന്റെ സർവീസ് 5 തവണയാണ് ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-4 നേടിയ കെനിൻ രണ്ടാം സെറ്റ് 6-4 കൈവിട്ടു. എന്നാൽ പലപ്പോഴും ഏകാഗ്രത നഷ്ടപ്പെട്ട കോളിൻസ് മൂന്നാം സെറ്റിൽ തീർത്തും പ്രസക്തമായി. ഒരു ഗെയിം പോലും നേടാൻ ആവാതെ 6-0 ആണ് കോളിൻസ് അവസാന സെറ്റിൽ കീഴടങ്ങിയത്.
സെമിയിൽ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയാണ് കെനിന്റെ എതിരാളി. 2012 നു ശേഷം ഇത് ആദ്യമായാണ് ക്വിറ്റോവ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറുന്നത്. സീഡ് ചെയ്യാത്ത ജർമ്മൻ താരം ലൗറ സിഗ്‌മണ്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്വിറ്റോവ ക്വാർട്ടർ ഫൈനലിൽ വീഴ്‌ത്തിയത്. മത്സരത്തിൽ ആറു ഏസുകൾ ഉതിർത്ത ക്വിറ്റോവ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 5 തവണയാണ് ബ്രൈക്ക് ചെയ്തത്. 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു ക്വിറ്റോവയുടെ ജയം. സെമിയിൽ മികച്ച പോരാട്ടം ആവും ഇരു താരങ്ങളും നൽകുക എന്നുറപ്പാണ്.