തോറ്റെങ്കിലും മഹേന്ദ്ര സിംഗ് ധോണിക്ക് ഐ.പി.എൽ റെക്കോർഡ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റെങ്കിലും മത്സരത്തിൽ പുതിയ ഐ.പി.എൽ റെക്കോർഡിട്ട് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ 4 ക്യാച്ചുകൾ എടുത്ത ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്യാച്ച് എടുത്ത വിക്കറ്റ് കീപ്പറായി. ബ്രാവോയുടെ പന്തിൽ ശിവം മാവിയുടെ ക്യാച്ച് എടുത്താണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തികിന്റെ റെക്കോർഡാണ് മഹേന്ദ്ര സിംഗ് ധോണി മറികടന്നത്. നിലവിൽ 104 ക്യാച്ചുകളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ധോണി സ്വന്തമാക്കിയത്. 103 ക്യാച്ചുകൾ വിക്കറ്റ് കീപ്പറായി എടുത്ത ദിനേശ് കാർത്തികാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് 39 സ്റ്റമ്പിങ് അടക്കം 143 പുറത്താക്കലുകൾ ധോണിയുടെ പേരിലുണ്ട്.