യൂറോപ്പ ലീഗ് കിരീടം ഫ്രാങ്ക്ഫർടിന്, പെനാൾട്ടിയിൽ റാംസിക്കും റേഞ്ചേഴ്സിനും പിഴച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ട് യൂറോപ്പ ലീഗ് ചാമ്പ്യൻസ്. ഇന്ന് സ്പെയിനിൽ നടന്ന ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഫ്രാങ്ക്ഫർട് കിരീടം സ്വന്തമാക്കിയത്. മത്സരം നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന് നിൽക്കുക അയിരുന്നു. ഫ്രാങ്ക്ഫർട് ക്ലബിന്റെ ഈ ടൂർണമെന്റ് യൂറോപ്പ ലീഗ് ആയതിനു ശേഷമുള്ള ആദ്യ യൂറോപ്യൻ കിരീടമാണ്.

ഇന്ന് സെവിയ്യയിൽ രണ്ട് ടീമുകൾക്ക് ഒപ്പം രണ്ട് വലിയ ആരാധക കൂട്ടത്തിന്റെ പോരാട്ടം കൂടെയാണ് കണ്ടത്. ഒരു ഭാഗത്ത് നീല നിറത്താലും ഒരു ഭാഗത്ത് വെള്ള നിറത്താലും അണിഞ്ഞ് ഒരുങ്ങിയ ഗ്യാലറിക്ക് മുന്നിൽ ഒപ്പത്തിനൊപ്പം നിക്കുന്ന പോരാട്ടം റേഞ്ചേഴ്സും ഫ്രാങ്ക്ഫർടും നടത്തി. ഫ്രാങ്ക്ഫർട് ആണ് ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. എങ്കിൽ ഗോൾ ഒന്നും ആദ്യ പകുതിയിൽ പിറന്നില്ല.20220519 021804

രണ്ടാം പകുതിയിൽ 57ആം മിനുട്ടിലാണ് ആദ്യ ഗോൾ വന്നത്. അത് റേഞ്ചേഴ്സിൽ നിന്നായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച അവസരം നൈജീരിയൻ താരം ജോ അരിബോ ഒരു ആധികാരിക ഫിനിഷോടെ വലയിൽ എത്തിച്ചു. റേഞ്ചേഴ്സ് 1-0.

ഈ ഗോളിന് 12 മിനുട്ടുകൾക്ക് ശേഷം ജർമ്മൻ ടീമിന്റെ മറുപടി വന്നു. ഇടതു വിങ്ങിൽ നിന്ന് കോസ്റ്റിക് നൽകിയ മനോഹരമായ പാസ് റേഞ്ചേഴ്സ് ഡിഫൻഡർമാർക്ക് ഇടയിലൂടെ നുഴഞ്ഞു കയറിയ റാഫേൽ ബോറെ വലയിലേക്ക് വഴിതിരിച്ചു വിട്ടു. സ്കോർ 1-1.

ഇരു ടീമുകൾക്കും വിജയം ഗോൾ കണ്ടെത്താൻ ആവാത്തതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ അധികം അവസരങ്ങൾ പിറന്നില്ല. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി ഗോൾ ഇല്ലാതെ അവസാനിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഫ്രാങ്ക്ഫർട്ട് നല്ല അവസരങ്ങൾ സൃഷ്ടിച്ചു. എന്നിട്ടും വിജയ ഗോൾ വന്നില്ല. 118ആം മിനുട്ടിൽ മൂർ ഒരുക്കിയ അവസരം കെന്റ് ഗോൾ എന്ന് ഉറപ്പിച്ച് വലയിലേക്ക് അടിച്ചു എങ്കിലും ട്രാപ് അത്ഭുത സേവിലൂടെ ഫ്രാങ്കഫർടിനെ രക്ഷിച്ചു. 120 മിനുട്ട് കഴിഞ്ഞതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഇരു ടീമുകളും ആദ്യ മൂന്ന് പെനാൾട്ടികൾ ലക്ഷ്യത്തിൽ എത്തിച്ചു. റേഞ്ചേഴ്സിന്റെ നാലാം കിക്ക് എടുത്ത ആരൺ റാംസിക്ക് പക്ഷെ പിഴച്ചു. ട്രാപിന്റെ ആ സേവ് ഫ്രാങ്ക്ഫർടിന് വിജയം സമ്മാനിച്ചു. 5-4നാണ് പെനാൾട്ടി ഷൂട്ടൗട്ട് ഫ്രാങ്ക്ഫർട് വിജയിച്ചത്