ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം ഇല്ലാതെ കഷ്ടപ്പെടുക ആയിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിന് വിജയം സമ്മാനിച്ച് ക്ലോപ്പിന്റെ ലിവർപൂൾ. ഈ സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആവാത്ത ലിവർപൂൾ മറുപടിയില്ലാത്ത ഒരു ഗോളിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ഫോറസ്റ്റിന് ഇത് ലീഗിലെ രണ്ടാം വിജയം മാത്രമാണിത്. ലീഗിൽ തുടരാൻ വേണ്ടി കഷ്ടപ്പെടുന്ന ഫോറസ്റ്റിന് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും.
ഇന്ന് ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. ലിവർപൂളും ഫോറസ്റ്റും നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം വന്നില്ല. 55ആം മിനുട്ടിൽ നൈജീരിയ സ്ട്രൈക്കർ തൈവോ അവോനിയിൽ ആണ് ഫോറസ്റ്റിനായി ഗോൾ നേടിയത്. ഒരു സെറ്റ് പീസിൽ നിന്ന് അവോനിയുടെ ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി എങ്കിലും തിരികെ വന്ന പന്ത് താരം അലിസണെ മറികടന്ന് വലയിലേക്ക് അടിച്ചു കയറ്റി. സ്കോർ 1-0
ഈ ഗോളിന് ശേഷം ഫോറസ്റ്റ് തീർത്തും ഡിഫൻസിലേക്ക് ഊന്നിയാണ് കളിച്ചത്. ഇത് ലിവർപൂളിന് നിരവധി അവസരങ്ങൾ നൽകി എങ്കിലും ഗോൾ മാത്രം വന്നില്ല.
ലിവർപൂളിന് ഇത് സീസണിലെ നാലാം പരാജയമാണ്. 11 മത്സരങ്ങളിൽ ഇന്ന് 16 പോയിന്റുമായി ലിവർപൂൾ ഏഴാം സ്ഥാനത്ത് നിൽക്കുന്നു. 9 പോയിന്റുനായി ഫോറസ്റ്റ് 19ആം സ്ഥാനത്താണ്.