നാടകീയമായ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഹംഗേറിയൻ ഗ്രാന്റ് പ്രീയിൽ നാടകീയത തുടർന്നും തുടർന്നപ്പോൾ രണ്ടാമത് എത്തിയ സെബാസ്റ്റ്യൻ വെറ്റൽ തുടർന്നും അയോഗ്യമാക്കപ്പെട്ടു. കാറിൽ ഇന്ധനം കുറവ് ആയതിനു ആണ് ആസ്റ്റൻ മാർട്ടിൻ ഡ്രൈവറെ അയോഗ്യമാക്കാൻ കാരണം. റേസിന് ശേഷം പരിശോധന നടത്താൻ പോലും ഇന്ധനം അധികൃതർക്ക് ലഭിക്കാതിരുന്നതോടെ താരം ഇന്ധനം കുറച്ചു കാറിന്റെ ഭാരം കുറച്ചാണ് ഗ്രാന്റ് പ്രീയിൽ പങ്കെടുത്തത് എന്നു വ്യക്തമായി. ഫോർമുല വണ്ണിലെ നിയമ പ്രകാരം 1 ലിറ്റർ ഇന്ധനം എങ്കിലും റേസ് അവസാനിക്കുമ്പോൾ കാറുകളിൽ നിന്നു എടുത്ത് പരിശോധിക്കാൻ ആവണം എന്നാൽ 0.3 ലിറ്റർ ഇന്ധനം മാത്രമേ വെറ്റലിന്റെ കാറിൽ നിന്നു എടുക്കാൻ സാധിച്ചുള്ളൂ.
ഇതോടെ മൂന്നാമതായിരുന്ന മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ രണ്ടാമത് എത്തി. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഹാമിൾട്ടൻ റെഡ് ബുൾ ഡ്രൈവർ വെർസ്റ്റാപ്പനുമായുള്ള വ്യത്യാസം 8 പോയിന്റുകൾ ആക്കി. ഒപ്പം നാലാമത് ആയിരുന്ന ഫെരാരിയുടെ സ്പാനിഷ് ഡ്രൈവർ കാർലോസ് സൈൻസ് മൂന്നാം സ്ഥാനത്ത് എത്തി. അയോഗ്യമാക്കപ്പെട്ടിട്ടും ലൈംഗീക ന്യൂനപക്ഷങ്ങൾക്ക് എതിരെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്ന ഹംഗറിയിൽ LGBT+ സമൂഹത്തിനു പിന്തുണയുമായി ‘പ്രൈഡ്’ ടീ ഷർട്ട് അണിഞ്ഞ വെറ്റൽ തന്റെ രാഷ്ട്രീയം പോഡിയത്തിൽ വ്യക്തമാക്കിയിരുന്നു. ഈ ടീ ഷർട്ട് മാറ്റാൻ ആവശ്യപ്പെടുന്ന അധികൃതരോട് തനിക്ക് എതിരെ എന്ത് നടപടി എടുത്താലും ടീ ഷർട്ട് മാറ്റില്ല എന്നായിരുന്നു വെറ്റൽ പ്രതികരിച്ചത്.